ആദ്യ റൗണ്ടിൽ തന്നെ അട്ടിമറി കണ്ട് ഫ്രഞ്ച് ഓപ്പണിന് തുടക്കം. പതിനൊന്നാം സീഡ് ആയ ബെൽജിയം താരം ഡേവിഡ് ഗോഫിൻ ആണ് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്. 19 വയസ്സുകാരൻ ആയ സീഡ് ചെയ്യാത്ത ഇറ്റാലിയൻ യുവതാരം യാനിക് സിന്നർ ആണ് നേരിട്ടുള്ള സെറ്റുകൾക്ക് ഗോഫിനെ ഞെട്ടിച്ചത്. മത്സരത്തിൽ ആദ്യ സെറ്റിൽ അല്ലാതെ പിന്നീട് ഒരിക്കലും മത്സരത്തിൽ പിടിച്ചു നിൽക്കാൻ ഗോഫിനു ആയില്ല. 2 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഗോഫിൻ 7 തവണയാണ് സർവീസ് ബ്രൈക്ക് വഴങ്ങിയത്. 7-5 നു ആദ്യ സെറ്റ് നേടിയ സിന്നർ രണ്ടാം സെറ്റിൽ ഗോഫിനെ ശരിക്ക് നാണം കെടുത്തി 6-0 ത്തിനു സെറ്റ് നേടി. മൂന്നാം സെറ്റ് 6-3 നും നേടിയ ഇറ്റാലിയൻ യുവതാരം റോളണ്ട് ഗാരോസിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
32 സീഡ് ആയ ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ 5 സെറ്റ് പോരാട്ടത്തിൽ മറികടന്ന ജപ്പാൻ താരം കെയ് നിഷികോരിയും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് നഷ്ടമായ ശേഷം ആയിരുന്നു ഒരു ടൈബ്രേക്കർ അടക്കം കണ്ട 5 സെറ്റ് പോരാട്ടത്തിൽ നിഷികോരിയുടെ ജയം. സ്കോർ : 1-6, 6-1, 7-6, 1-6, 6-4. അതേസമയം അമേരിക്കൻ താരങ്ങൾ ആയ ജോൺ ഇസ്നർ, ടൈയ്ലർ ഫ്രിറ്റ്സ് എന്നിവർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 21 സീഡ് ആയ ഇസ്നർ 6-4, 6-1, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ഫ്രഞ്ച് താരം എലിയറ്റിനെ മറികടന്നു. തോമസിന് എതിരെ 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനു ഒടുവിൽ ആയിരുന്നു 27 സീഡ് ആയ ഫ്രിറ്റ്സിന്റെ ജയം.