മുൻ ഇന്ത്യൻ വനിതാ താരം നീതു ഡേവിഡ് ബി.സി.സി.ഐ വനിതാ സെലക്ഷൻ കമ്മിറ്റി തലവൻ. അഞ്ച് അംഗങ്ങളുള്ള കമ്മിറ്റിയുടെ തലവനായാണ് മുൻ ഇന്ത്യൻ സ്പിന്നർ കൂടിയായ നീതു ഡേവിഡിനെ നിയമിച്ചത്. നീതു ഡേവിഡിനെ കൂടാതെ മിതു മുഖർജി, രേണു മാർഗരറ്റ്, ആരതി വൈദ്യ, വി കല്പന എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. നിലവിൽ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും മികച്ച ബൗളിങ്ങിന് ഉള്ള റെക്കോർഡ് നീതു ഡേവിഡിന്റെ പേരിലാണ്. 1995ൽ ഇംഗ്ലണ്ടിനെതിരെ 53 റൺസ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തിയത് ഇന്നും റെക്കോർഡായി തുടരുന്നു.
നേരത്തെ കലയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നാല് വർഷത്തെ കാലാവധി കഴിഞ്ഞ മാർച്ചിൽ കഴിഞ്ഞിരുന്നു. സുധ ഷാ, അഞ്ജലി പേന്ദർകർ, ശശി ഗുപ്ത,ലോപമുദ്ര ബാനർജി തുടങ്ങിയവയിരുന്നു പഴയ കമ്മിറ്റിയിലെ അംഗങ്ങൾ. തുടർന്ന് ബി.സി.സി.ഐ പുതിയ സെലക്ഷൻ കമ്മിറ്റിയെ പ്രഖ്യാപിക്കാത്തതിനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. തുടർന്നാണ് ബി.സി.സി.ഐ ഇന്ന് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. യു.എ.ഇയിൽ നടക്കുന്ന വനിതാ ചലഞ്ചർസ് സീരിസിന് വേണ്ടിയുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കലാവും നീതു ഡേവിഡിന്റെയും സംഘത്തിന്റെയും ആദ്യ ചുമതല.