എ. ടി. പി ടൂറിൽ മാസ്റ്റേഴ്സ് 1000 റോം ഓപ്പൺ ഫൈനലിലേക്ക് മുന്നേറി എട്ടാം സീഡ് അർജന്റീനൻ താരം ഡീഗോ ഷ്വാർട്ട്സ്മാൻ. ഫൈനലിൽ 62 മത്തെ പ്രാവശ്യം മാസ്റ്റേഴ്സ് ഫൈനൽ കളിക്കുന്ന ജ്യോക്കോവിച്ച് ആണ് ഷ്വാർട്ട്സ്മാന്റെ എതിരാളി. റെക്കോർഡ് നേട്ടം ആണ് ഇത്. 36 മത്തെ റെക്കോർഡ് മാസ്റ്റേഴ്സ് കിരീടം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ച് റോമിൽ അഞ്ചാം കിരീടമാണ് ലക്ഷ്യം വക്കുന്നത്. റാഫേൽ നദാലിനെ അട്ടിമറിച്ച് സെമിഫൈനലിൽ എത്തിയ ഷ്വാർട്ട്സ്മാൻ സെമിയിൽ പന്ത്രണ്ടാം സീഡ് ആയ കനേഡിയൻ താരം ഡെന്നിസ് ഷപോവലോവിനെയാണ് മറികടന്നത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനു ഒടുവിൽ ആണ് ഷ്വാർട്ട്സ്മാൻ ജയം കണ്ടത്. ഇരു താരങ്ങളും 6 വീതം ബ്രൈക്ക് വഴങ്ങിയ മത്സരത്തിൽ മൂന്നാം സെറ്റ് ടൈബ്രേക്കർ ആണ് മത്സരഫലം നിർണയിച്ചത്.
ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കിയ അർജന്റീനൻ താരം രണ്ടാം സെറ്റിൽ ആദ്യം തന്നെ പിന്നിലേക്ക് പോയി. എന്നാൽ തിരിച്ചു വന്നു പൊരുതിയ ഷ്വാർട്ട്സ്മാനെതിരെ 7-5 രണ്ടാം സെറ്റ് നേടിയ ഷപോവലോവ് മത്സരത്തിൽ ഒപ്പമെത്തി. 10 ഏസുകൾ ഉതിർത്തു എങ്കിലും മത്സരത്തിൽ 8 തവണയാണ് ഷപോവലോവ് സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയത്. പല നിർണായക സമയത്തും സർവീസ് പിഴവുകൾ കനേഡിയൻ താരത്തിന് വിനയായി. മൂന്നാം സെറ്റിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പിടിച്ചു നിന്നതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ ജയം കണ്ട ഷ്വാർട്ട്സ്മാൻ മത്സരം സ്വന്തം പേരിൽ കുറിച്ച് ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ റെക്കോർഡ് മാസ്റ്റേഴ്സ് കിരീടം ലക്ഷ്യം വക്കുന്ന ജ്യോക്കോവിച്ചിനെതിരെ നദാലിനെ അട്ടിമറിച്ച പ്രകടനം കാഴ്ച വക്കാൻ ആവും അർജന്റീനൻ താരം ശ്രമിക്കുക.