ഡബ്യു.ടി. എ ടൂറിൽ റോം ഓപ്പണിൽ ഒമ്പതാം സീഡ് ഗബ്രിൻ മുഗുരുസയെ മറികടന്നു ഒന്നാം സീഡ് സിമോണ ഹാലപ്പ് ഫൈനലിൽ. കാണികൾക്ക് ഭാഗികമായി പ്രവേശനം നൽകിയാണ് റോം ഓപ്പൺ സെമിഫൈനൽ നടന്നത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ വഴങ്ങിയ തോൽവിക്ക് ഹാലപ്പ് ഇതോടെ പ്രതികാരം ചെയ്തു. സ്പാനിഷ് താരത്തിന് എതിരെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് റൊമാനിയൻ താരം ജയം കണ്ടത്. 7 തവണ മത്സരത്തിൽ ബ്രൈക്ക് വഴങ്ങിയ ഹാലപ്പ് പക്ഷെ 8 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ മുഗുരുസയുടെ സർവീസ് 9 തവണയാണ് ബ്രൈക്ക് ചെയ്തത്.
ആദ്യ സെറ്റ് 6-3 നു സ്വന്തമാക്കിയ ഹാലപ്പിന് എതിരെ രണ്ടാം സെറ്റിൽ തിരിച്ചു വരുന്ന മുഗുരുസയെ ആണ് മത്സരത്തിൽ കണ്ടത്. ഈ സെറ്റ് 6-4 നു സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തിയ സ്പാനിഷ് താരത്തിന് പക്ഷെ മൂന്നാം സെറ്റിൽ ഈ മികവ് തുടരാൻ ആയില്ല. മൂന്നാം സെറ്റ് 6-4 നു നേടിയ ഹാലപ്പ് മത്സരം സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി. കളിമണ്ണ് കോർട്ടിൽ മികച്ച താരം ആയ ഹാലപ്പ് റോം ഓപ്പൺ നേടി ഫ്രഞ്ച് ഓപ്പണിന് മുമ്പ് വലിയ ആത്മവിശ്വാസം സ്വന്തമാക്കാൻ ആവും ശ്രമിക്കുക. ഫൈനലിൽ 2019 ലെ വിംബിൾഡൺ ജേതാവ് കൂടിയായ ഹാലപ്പ് കരോളിന പ്ലിസ്കോവ, മാർകറ്റ വോണ്ടോറസോവ മത്സരവിജയിയെ ആവും നേരിടുക.