മഴക്കിടയില്‍ വിക്കറ്റുകളുടെ പെരുമഴയുമായി ഇംഗ്ലണ്ട്, പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടം

Sports Correspondent

പലപ്പോഴായി മഴ സൗത്താംപ്ടണില്‍ വില്ലനായി എത്തിയ ആദ്യ ദിവസം ഇംഗ്ലണ്ടിന് മേല്‍ക്കൈ. ടോസ് നേടി ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച പാക്കിസ്ഥാന്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 126/5 എന്ന നിലയിലാണ്. അര്‍ദ്ധ ശതകം നടത്തിയ ആബിദ് അലിയാണ് ടീമിന്റെ ടോപ് സ്കോറര്‍. 45.4 ഓവറാണ് ഇന്നത്തെ ദിവസം എറിയാനായത്.

ബാബര്‍ അസം 25 റണ്‍സുമായി പാക്കിസ്ഥാന്റെ പ്രതീക്ഷയായി നിലകൊള്ളുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍(4) റണ്‍സുമായി ക്രീസില്‍ അസമിന് കൂട്ടായി നില്‍ക്കുന്നു. അസ്ഹര്‍ അലി 20 റണ്‍സ് നേടി പുറത്തായപ്പോള്‍ ടെസ്റ്റ് ടീമിലേക്ക് ഫവദ് അലം പൂജ്യത്തിന് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ ഷാന്‍ മസൂദ് ഒരു റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ടും സ്റ്റുവര്‍ട് ബ്രോഡ്, സാം കറന്‍, ക്രിസ് വോക്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.