പാക്കിസ്ഥാന്റെ മുഖ്യ കോച്ചും സെലക്ടറുമായ മിസ്ബ ഉള് ഹക്ക് പറയുന്നത് മാഞ്ചസ്റ്ററിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പാക്കിസ്ഥാന് മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ്. മത്സരത്തില്‍ വിജയം കൈപ്പിടിയിലെത്തിയ ശേഷമാണ് പാക്കിസ്ഥാന് ഇംഗ്ലണ്ടിനോട് മുട്ടു മടക്കിയത്. ആദ്യ ഇന്നിംഗ്സിലെ മികച്ച ബാറ്റിംഗിനും ബൗളിംഗിനും ശേഷം രണ്ടാം തവണ ഈ രണ്ട് മേഖലയിലും ടീം പിന്നോട്ട് പോയി. ബാറ്റിംഗാണെങ്കില്‍ അമ്പേ പരാജയപ്പെടുന്നതുമാണ് കണ്ടത്. ബൗളര്‍മാര്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി വിജയ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ജോസ് ബട്ലര് – ക്രിസ് വോക്സ് കൂട്ടുകെട്ടിനെ നേരത്തെ തകര്‍ക്കാന്‍ കഴിയാതെ പോയത് ടീമിന് തിരിച്ചടിയായി.
ഈ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പാക്കിസ്ഥാന് വലിയ സ്കോറുകള്‍ നേടുവാന്‍ പ്രാപ്തരാവണമെന്നാണ് മിസ്ബ പറയുന്നത്. മുഴുവന്‍ ക്രെഡിറ്റും ഇംഗ്ലണ്ടിനുള്ളതാണ്, ആദ്യ അഞ്ച് വിക്കറ്റ് വീണ ശേഷം പ്രതിരോധത്തിലായ ടീമാണ് പിന്നീട് വിജയം പിടിച്ചെടുത്തത്. സമ്മര്‍ദ്ദത്തിലും വോക്സ്-ബട്ലര് കൂട്ടുകെട്ട് മികവ് പുലര്‍ത്തിയിരുന്നുവെന്നും മിസ്ബ വ്യക്തമാക്കി.
രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗില്‍ മികവ് ഉണ്ടാകുകയും ലക്ഷ്യം 300ന് മുകളില്‍ സെറ്റ് ചെയ്യുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇംഗ്ലണ്ടിനെതിരെ വിജയം പാക്കിസ്ഥാന് നേടാനാകുമായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും മിസ്ബ വ്യക്തമാക്കി. യുവ താരങ്ങള്‍ക്ക് ഇനിയും ഏറെ പഠിക്കുവാനുണ്ട്. താരങ്ങളെല്ലാം അവര്‍ക്കാകുന്ന തരത്തില്‍ ശ്രമിച്ചിട്ടുണ്ട് എന്നത് സത്യമാണെന്നും മിസ്ബ കൂട്ടിചേര്‍ത്തു.