ഇന്റർ മിലാന് ഭാഗ്യമേറെ ഉണ്ടായിരുന്ന രാത്രി ആയിരുന്നു ഇന്നത്തേത്. യൂറോപ്പ ലീഗിൽ കഷ്ടപ്പെട്ട് ആണെങ്കിലും കോണ്ടെയുടെ ഇന്റർ മിലാൻ ക്വാർട്ടറിലേക്ക് കടന്നു. പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ വെച്ച് ഗെറ്റഫെയെ നേരിട്ട ഇന്റർ മിലാൻ എതിരില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്. ആദ്യ പാദത്തിൽ ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു.
ഇന്ന് ഒരു ഗോൾ സമനില ആയിരുന്നു എങ്കിൽ ഗെറ്റഫെയ്ക്ക് എവേ ഗോളിൽ ക്വാർട്ടറിലേക്ക് മുന്നേറാമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ 33ആം മിനുട്ടിൽ ലുകാകുവിലൂടെ ഇന്റർ മിലാൻ ലീഡ് എടുത്തു. ലുകാകുവിന്റെ ഈ സീസണിലെ 30ആം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ഇന്റർ ഡിഫൻസിനെ പരീക്ഷിച്ചു കൊണ്ടിരുന്ന ഗെറ്റഫെയ്ക്ക് 75ആം മിനുട്ടിൽ ഒരു സുവർണ്ണാവസരം ലഭിച്ചു. പക്ഷെ ലഭിച്ച പെനാൾട്ടി ഗെറ്റഫെ താരം മൊളിന പുറത്തടിച്ചു.
ആ പെനാൾട്ടിക്ക് പിന്നാലെ 83ആം മിനുട്ടിൽ എറിക്സണിലൂടെ രണ്ടാം ഗോൾ നേടിക്കൊണ്ട് ഇന്റർ മിലാൻ വിജയം ഉറപ്പിച്ചു.