സെപ്റ്റംബറിൽ നടക്കേണ്ട ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ പരമ്പര കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് മാറ്റിവെക്കും. മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെട്ട പരമ്പരയാണ് കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് മാറ്റിവെച്ചത്. കൂടാതെ അടുത്ത മാസം ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്ന ന്യൂസിലാൻഡ് എ ടീമിന്റെ പര്യടനവും മാറ്റിവെച്ചിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ബി.സി.സി.ഐയുടെ അപെക്സ് കൗൺസിൽ മീറ്റിംഗിൽ കൂടുതൽ വിവരങ്ങൾ തീരുമാനിക്കുമെന്നാണ് കരുതപ്പെടുന്നത്.
പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം മാറ്റിവെക്കുന്ന ഇംഗ്ലണ്ടുമായുള്ള പരമ്പര അടുത്ത വർഷം സെപ്റ്റംബറിൽ നടത്താനും സാധ്യതയുണ്ട്. കഴിഞ്ഞ മാർച്ചിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയാണ് അവസാനമായി ഇന്ത്യ കളിച്ച മത്സരം. സാഹചര്യങ്ങൾ അനുകൂലമാവുകയാണെങ്കിൽ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ശ്രമവും ബി.സി.സി.ഐ നടത്തുന്നുണ്ട്.