സാക്ക് ക്രോളിയുടെയും ഡൊമിനിക് സിബ്ലേയുടെയും അര്‍ദ്ധ ശതകങ്ങളുടെ ശക്തമായ പിന്തുണയില്‍ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ മികച്ച നിലയില്‍ നിന്ന് പൊടുന്നനെ വിക്കറ്റുകള്‍ നഷ്ടമായി ഇംഗ്ലണ്ട്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ആതിഥേയര്‍ ഇതുവരെ 8 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ വിന്‍ഡീസിനെതിരെ 170 റണ്‍സിന്റെ ലീഡാണ് ടീം കൈവശപ്പെടുത്തിയിട്ടുള്ളത്.
റോറി ബേണ്‍സും(42) ഡൊമിനിക് സിബ്ലേയും നല്കിയ 72 റണ്‍സിന്റെ ഒന്നാം വിക്കറ്റ് തുടക്കത്തിന് ശേഷം ജോ ഡെന്‍ലി(29)യെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇരു വിക്കറ്റും നേടിയത് റോസ്ടണ്‍ ചേസ് ആയിരുന്നു. തന്റെ അര്‍ദ്ധ ശതകം നേടി അധികം വൈകുന്നതിന് മുമ്പ് സിബ്ലേയെ പുറത്താക്കി ഷാനണ്‍ ഗബ്രിയേല്‍ ഇംഗ്ലണ്ടിന് മൂന്നാം പ്രഹരം നല്കി. 38 റണ്‍സ് ഇംഗ്ലണ്ടിനായി മൂന്നാം വിക്കറ്റില്‍ ക്രോളി-സിബ്ലേ കൂട്ടുകെട്ട് നേടിയിരുന്നു.
പിന്നീട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനൊപ്പം സാക്ക് ക്രോളി നിലയുറപ്പിച്ച് തന്റെ അര്‍ദ്ധ ശതകം നേടി ഇംഗ്ലണ്ടിനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ക്രോളിയെയും സ്റ്റോക്സിനെയും പുറത്താക്കി വിന്‍ഡീസ് തിരിച്ചടിച്ചത്. ക്രോളി 76 റണ്‍സും ബെന്‍ സ്റ്റോക്സ് 46 റണ്‍സുമാണ് നേടിയത്. സ്റ്റോക്സിനെ ഹോള്‍ഡര്‍ പുറത്താക്കിയപ്പോള്‍ അല്‍സാരി ജോസഫിനാണ് ക്രോളിയുടെ വിക്കറ്റ്.
വിന്‍ഡീസിനായി ഷാനണ്‍ ഗബ്രിയേല്‍ മൂന്നും അല്‍സാരി ജോസഫ്, റോസ്ടണ്‍ ചേസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 5 റണ്‍സുമായി ജോഫ്ര ആര്‍ച്ചറും 1 റണ്‍സ് നേടി മാര്‍ക്ക് വുഡുമാണ് ക്രീസിലുള്ളത്. മത്സരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഫലം ഏറെക്കുറെ പ്രതീക്ഷിക്കാമെന്ന നിലയിലാണ് കളി എത്തി നില്‍ക്കുന്നത്.