കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐ.സി.സിയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് നീട്ടണമെന്ന ആവശ്യവുമായി ബംഗ്ളദേശ്. നിലവിൽ നിശ്ചയിച്ച സമയ പരിധിയിൽ കൊറോണ വൈറസ് മൂലം റദ്ദാക്കിയ 8 ടെസ്റ്റ് മത്സരങ്ങൾ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ അക്രം ഖാൻ പറഞ്ഞു. അത്കൊണ്ട് തന്നെ ഐ.സി.സി ലോക ടെസ്റ്റ് ചാംപ്യൻഷിപ് നീട്ടിവെക്കണമെന്നും അക്രം ഖാൻ പറഞ്ഞു.
പാകിസ്ഥാനെതിരെയുള്ള ഒരു ടെസ്റ്റ്, ഓസ്ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ, ന്യൂസിലാൻഡിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങൾ, ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങൾ തുടങ്ങിയവയാണ് കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് ബംഗ്ലാദേശിന് കളിക്കാനാവാതെ പോയത്. നേരത്തെ നിശ്ചയിച്ച പ്രകാരം 2021 ജൂണിലാണ് ടെസ്റ്റ് ചാംപ്യൻഷിപ് അവസാനിക്കേണ്ടത്. എന്നാൽ നിലവിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഒരുപാട് മത്സരങ്ങൾ മാറ്റിവെച്ച സാഹചര്യത്തിൽ ഐ.സി.സി ലോക ടെസ്റ്റ് ചാംപ്യൻഷിപ് നീട്ടിവെക്കാനുള്ള സാധ്യത കൂടുതലാണ്.