പി എസ് ജി വിടാൻ തിയാഗോ സിൽവ തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടൺ ആരംഭിച്ചു. ഫ്രീ ട്രാൻസ്ഫറിൽ സിൽവയെ മേഴ്സിസൈഡിലേക്ക് എത്തിക്കാൻ ആണ് എവർട്ടൺ ശ്രമിക്കുന്നത്. നീണ്ട കാലമായി പി എസ് ജിക്ക് ഒപ്പം ഉള്ള ബ്രസീലിയൻ സെന്റർ ബാക്ക് തിയാഗോ സിൽവ ഈ സീസണോടെ പി എസ് ജി വിടും എന്ന് കഴിഞ്ഞ ദിവസം പി എസ് ജി തന്നെ അറിയിച്ചിരുന്നു.
താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കുകയാണ്. സിൽവയ്ക്ക് പുതിയ കരാർ നൽകേണ്ടതില്ല എന്നാണ് പി എസ് ജിയുടെ തീരുമാനം. ഈ സീസണിൽ ബാക്കി ഉള്ള ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കൂടെ കളിച്ചാൽ സിൽവയും പി എസ് ജിയും തമ്മിലുള്ള ബന്ധം അവസാനിക്കും.
2012ൽ മിലാനിൽ നിന്നായിരുന്നു തിയാഗോ സിൽവ പി എസ് ജിയിൽ എത്തിയത്. എട്ടു സീസണുകളിൽ നിന്നായി ഏഴ് ഫ്രഞ്ച് ലീഗ് കിരീടങ്ങൾ താരം നേടി. നാലു ഫ്രഞ്ച് കപ്പുകളും പി എസ് ജിക്ക് ഒപ്പം സിൽവ നേടിയിട്ടുണ്ട്. ബ്രസീലിലെ ക്ലബായ ഫ്ലുമിനെൻസിൽ നിന്നും സിൽവയ്ക്ക് ഓഫർ ഉണ്ട്.