ആറ് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങുവാനായി ഷാനണ്‍ ഗബ്രിയേല്‍ എത്തുന്നു. സെപ്റ്റംബര്‍ 2019ല്‍ ഇന്ത്യയ്ക്ക് എതിരെയുള്ള രണ്ട് ടെസ്റ്റുകള്‍ക്കും ഗ്ലൗസെസ്റ്റര്‍ഷയറിന് വേണ്ടിയുള്ള കൗണ്ടി മത്സരത്തിന് ശേഷവും താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിന് ശേഷം ആറ് മാസത്തെ റീഹാബ് നടപടികളിലൂടെ കടന്ന് പോയ ശേഷം ഇപ്പോള്‍ താരം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലൂടെ തിരികെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് കരുതുന്നത്.
ഇംഗ്ലണ്ടുമായുള്ള പരമ്പര നടക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ മുന്നോട്ട് പോകുമ്പോളും ഗബ്രിയേലിന്റെ പ്രതീക്ഷയും തനിക്ക് ആ പരമ്പരയിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്നാണ്. അതാണ് തന്റെ പദ്ധതിയെന്നും ആ വിശ്വാസവുമായി മുന്നോട്ട് പോകുകയാണെെന്നും താരം വ്യക്തമാക്കി.
നവംബറിലാണ് താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അതിന് ശേഷം വളരെ നീണ്ട റീഹാബ് നടപടികളിലൂടെയാണ് താരം കടന്ന് പോയത്. ഇപ്പോള്‍ താന്‍ പഴയ പോലെ ഓടാനും പന്തെറിയുവാനും കഴിയുന്ന തരത്തിലാണുള്ളതെന്നും താരം വെളിപ്പെടുത്തി. ഫിറ്റ്നെസ്സ് കാര്യത്തിലും ഭാരം മാനേജ് ചെയ്യുന്നതിലും ശ്രദ്ധ നല്‍കിയാണ് താനിപ്പോള്‍ മുന്നോട്ട് പോകുന്നതെന്ന് ഷാനണ്‍ ഗബ്രിയേല്‍ പറഞ്ഞു.
താരത്തിന് ചെറിയ രീതിയില്‍ തന്റെ ആക്ഷനും മാറ്റേണ്ടി വന്നുവെന്നാണ് അറിയുന്നത്. ഇപ്പോള്‍ സംഭവിച്ച പോലുള്ള പരിക്ക് വരാതിരിക്കുവാനാണ് താന്‍ ഈ മാറ്റത്തിന് വിധേയനായതെന്ന് ഷാനണ്‍ ഗബ്രിയേല്‍ വ്യക്തമാക്കി.