1983ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ വെസ്റ്റിൻഡീസ് തോൽക്കാൻ കാരണം അമിത ആത്മവിശ്വാസമാണെന്ന് മുൻ വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ മൈക്കിൾ ഹോൾഡിങ്. രണ്ട് ലോകകപ്പുകൾ തുടർച്ചയായി ജയിച്ച് മൂന്നാം കിരീടം നേടാൻ ഇറങ്ങിയ വെസ്റ്റിൻഡീസിനെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യ തോൽപ്പിക്കുകയായിരുന്നു. കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ആദ്യം ബാറ്റ് ചെയ്ത് വെറും 183 റൺസാണ് എടുത്തത്. എന്നാൽ കണിശമായ ബൗളിങ്ങിലൂടെ ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ലോക കിരീടം നേടുകയായിരുന്നു.
“സത്യസന്ധമായി പറയുകയാണെങ്കിൽ വെസ്റ്റിൻഡീസ് അമിത ആത്മവിശ്വാസത്തിലായിരുന്നു. ലോകകപ്പിൽ ഇന്ത്യയെ പോലെയൊരു ടീം തങ്ങൾക്ക് പ്രശ്നം ആവുമെന്ന് കരുതിയില്ല. ലോകകപ്പിന് മുൻപ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചിരുനെങ്കിലും മികച്ച ഫാസ്റ്റ് ബൗളിംഗ് നിരയുള്ള വെസ്റ്റിൻഡീസിന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ കരുതിയിരുന്നു” ഹോൾഡിങ് പറഞ്ഞു. ഫൈനലിൽ കുറഞ്ഞ റൺസിന് ഇന്ത്യയെ പുറത്താക്കുകയും ചെയ്തതോടെ വെസ്റ്റിൻഡീസിന് ആത്മവിശ്വാസം കൂടുകയും ഇന്ത്യയെ വില കുറച്ചു കാണുകയും ചെയ്‌തെന്നും ഹോൾഡിങ് പറഞ്ഞു. ഇത് എതിരാളികളെ വിലകുറച്ചു കാണുമ്പോൾ ഇങ്ങനെയുള്ള ഫലങ്ങൾ ഉണ്ടാവുമെന്നും ഹോൾഡിങ് പറഞ്ഞു.