ടി20 ക്രിക്കറ്റ് ബൗളര്‍മാരെ സൃഷ്ടിക്കുകയില്ലെന്ന് അഭിപ്രായപ്പെട്ട് പാക്കിസ്ഥാന് ഇതിഹാസ താരം വസീം അക്രം. അതിലെ പ്രകടനം മാത്രം നോക്കി ബൗളര്‍മാരെ വിലയിരുത്തുവാന്‍ പാടില്ലെന്ന് പറഞ്ഞ് വസീം അക്രം. ടി20യ്ക്ക് അതിന്റെതായ ഗുണങ്ങളുണ്ടെങ്കിലും ബൗളര്‍മാരുടെ നിലവാരം അളക്കേണ്ടത് ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റായ ടെസ്റ്റ് ക്രിക്കറ്റിലൂടെയാണെന്ന് വസീം അക്രം വ്യക്തമാക്കി.
പണ്ടൊക്കെ ആറ് മാസം അന്താരാഷ്ട്ര ക്രിക്കറ്റും ആറ് മാസം കൗണ്ടി ക്രിക്കറ്റുമാണ് കളിച്ചിരുന്നതെങ്കില്‍ ഇന്ന് കളിക്കുന്ന കളികളുടെ എണ്ണത്തില്‍ തന്നെ ഗണ്യമായ വര്‍ദ്ധനവുണ്ടായി. ബൗളിംഗ് പഠിക്കുന്നതിനായി യുവ താരങ്ങള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കൂടുതല്‍ സജീവമാകണമെന്നും വസീം അക്രം പറഞ്ഞു.
ടി20 രസകരമായ ഫോര്‍മാറ്റാണ്. ഇഷ്ടം പോലെ പണമുള്ളതിനാല്‍ താരങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയും ലഭിയ്ക്കും പക്ഷേ അതിലെ മോശം അല്ലെങ്കില്‍ നല്ല പ്രകടനത്തിനാല്‍ താന്‍ ഒരു ബൗളറെയും വിലയിരുത്തുകയില്ലെന്നും വസീം അക്രം വ്യക്തമാക്കി.