വലിയ കരാർ തുകക്ക് തന്നെ കൊൽക്കത്ത സ്വന്തമാക്കിയതോടെ തനിക്ക് മികച്ച പ്രകടനവും പുറത്തെടുക്കാനുള്ള വലിയ ഉത്തരവാദിത്തം ഉണ്ടെന്ന് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ ഏറ്റവും വലിയ തുക നൽകിയാണ് പാറ്റ് കമ്മിൻസിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
തന്നെ വലിയ വില കൊടുത്ത് സ്വന്തമാക്കിയതിന് കൊൽക്കത്ത ഉടമകളോടും പരിശീലകൻ ബ്രെണ്ടൻ മക്കല്ലത്തിനോടും പാറ്റ് കമ്മിൻസ് നന്ദി പറയുകയും ചെയ്തു. ബ്രെണ്ടൻ മക്കല്ലം മികച്ച താരവും മികച്ച ക്യാപ്റ്റനുമായിരുന്നുവെന്നും കമ്മിൻസ് കൂട്ടിച്ചേർത്തു. ടീമിന്റെ കൂടെ എത്തിയാൽ പിന്നെ വലിയ കരാറിനെ പറ്റി ചിന്തിക്കാൻ സമയം ഉണ്ടാവില്ലെന്നും ടീമിനൊപ്പം വിജയങ്ങൾ നേടുന്നതിലാവും ശ്രദ്ധയെന്നും കമ്മിൻസ് പറഞ്ഞു.
ലേലത്തിൽ 15.5 കോടി രൂപ നൽകിയാണ് കൊൽക്കത്ത പാറ്റ് കമ്മിൻസിനെ സ്വന്തമാക്കിയത്. നേരത്തെ 2014ൽ കൊൽക്കത്ത കിരീടം നേടിയപ്പോൾ പാറ്റ് കമ്മിൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായിരുന്നു. നിലവിൽ കൊറോണ വൈറസ് ബാധ പടർന്നതോടെ ഐ.പി.എൽ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.