ഐസിസി നടപടി സങ്കടകരം – ബിസ്മ മാറൂഫ്

Sports Correspondent

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഐസിസി വനിത ഏകദിന ചാമ്പ്യന്‍ഷിപ്പ് മത്സരം നടക്കാത്തതിനാല്‍ ഐസിസി ഇരു ടീമുകള്‍ക്കും പോയിന്റ് പങ്കുവെച്ച് നല്‍കിയതിലെ അതൃപ്തി പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മാറൂഫ്. ഈ നീക്കത്തിലൂടെ പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യ 2021 ലോകകപ്പിന് നേരിട്ട് യോഗ്യത നേടുകയായിരുന്നു.

പാക്കിസ്ഥാന്റെ നിയമ വിദഗ്ധര്‍ ഈ നടപടിയെ പഠിച്ച് ഇതിനെതിരെ നീങ്ങുവാനുള്ള സാധ്യത ഏറെയാണെന്നാണ് അറിയുന്നത്. ഇന്ത്യയുമായി കളിക്കുവാനുള്ള അവസരത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് പരമ്പര നടക്കാതിരുന്നതെന്നും അതില്‍ പാക്കിസ്ഥാന്‍ ബോര്‍ഡിന്റെയല്ല ഇന്ത്യയുടെ ഭാഗത്ത് നിന്നാണ് പച്ചക്കൊടി ലഭിക്കാതിരുന്നതെന്നും പരിഗണിക്കുമ്പോള്‍ പോയിന്റുകള്‍ തുല്യമായി പങ്കുവയ്ക്കുകയല്ലായിരുന്നു വേണ്ടതെന്ന് ബിസ്മ വെളിപ്പെടുത്തി.

ബിസിസിഐയ്ക്ക് സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര ക്ലിയറന്‍സ് ലഭിക്കാതിരുന്നപ്പോള്‍ മൂന്ന് ഏകദിനങ്ങള്‍ ഒഴിവാക്കുകയും ഐസിസിയുടെ നിരീക്ഷണത്തിലേക്ക് സംഭവം വിടുകയായിരുന്നു. ഐസിസി ആറ് പോയിന്റ് തുല്യമായി നല്‍കുവാന്‍ തീരുമാനിച്ചതോടെ ഇന്ത്യയ്ക്ക് അവസരം ലഭിച്ചു.