ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ ഭാവിയെപ്പറ്റിയുള്ള തീരുമാനം ഓഗസ്റ്റ് മാസത്തിന് മുൻപ് ഉണ്ടാവില്ലെന്ന് ഐ.സി.സി. ലോകത്താകമാനം കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ അടുത്ത ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പും മാറ്റിവെക്കേണ്ടി വരുമെന്ന വർത്തകൾക്കിടയിലാണ് ഓഗസ്റ്റ് മാസം വരെ ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവില്ലെന്ന് ഐ.സി.സി. വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം എന്നും കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ സാഹചര്യങ്ങളിൽ മാറ്റം വന്നേക്കാം എന്നും ഐ.സി.സിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. അത് കൊണ്ട് തന്നെ അടുത്ത ഓഗസ്റ്റ് മാസത്തിന് മുൻപ് ഈ കാര്യത്തിൽ തീരുമാനം എടുക്കില്ലെന്നും ഐ.സി.സിയുമായി ബന്ധപ്പെട്ട വ്യക്തി പറഞ്ഞു. നേരത്തെ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ഓസ്ട്രേലിയയിൽ ആറ് മാസത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് പ്രകാരം സെപ്റ്റംബർ 30ന് മാത്രമേ വിദേശ യാത്രക്കർക്ക് ഓസ്ട്രേലിയയിൽ പ്രവേശനം സാധ്യമാവൂ. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി20 ലോകകപ്പ്.