ഇന്ത്യയിൽ ആകമാനം കൊറോണ വൈറസ് പടരുന്നതിനിടെ അതിനെതിരെ പൊരുതാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വമ്പൻ സഹായം. 80 ലക്ഷം രൂപയാണ് രോഹിത് ശർമ്മ സംഭാവനയായി നൽകിയിരിക്കുന്നത്. ഇതിൽ 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് രോഹിത് ശർമ്മ നൽകിയത്.
കൂടാതെ 5 ലക്ഷം രൂപ വീതം ഫീഡിങ് ഇന്ത്യ ഓർഗനൈസേഷനും തെരുവ് നായകളെ സംരക്ഷിക്കുന്ന സംഘടനക്കും രോഹിത് ശർമ്മ നൽകിയിട്ടുണ്ട്. നേരത്തെ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, വിരാട് കോഹ്ലി, മഹേന്ദ്ര സിംഗ് ധോണി, മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ, ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി എന്നിവരും കൊറോണ വൈറസിനെതിരെ പോരാടാൻ സഹായവുമായി രംഗത്തെത്തിയിരുന്നു.