ഈ വർഷത്തെ ഫുട്ബോൾ ആകെ താളം തെറ്റിയ അവസ്ഥയിലാണ്. കൊറോണ കാരണം ലോകത്തെ മുഴുവൻ ഫുട്ബോൾ മത്സരങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. യൂറോ കപ്പും കോപ അമേരികയും ഒക്കെ നീട്ടിവെച്ചതിനാൽ ലീഗുകൾ പൂർത്തിയാക്കാൻ എത്ര സമയം വേണമെങ്കിലും ഉണ്ട് എന്ന് ചെറിയ ആശ്വാസം ഫുട്ബോൾ അസോസിയേഷനുകൾക്ക് ഉണ്ട്.
എന്നാൽ സീസൺ ജൂൺ 30ന് അപ്പുറം നീളുക ആണെങ്കിൽ അത് വലിയ പ്രശ്നങ്ങൾ തന്നെ ഉണ്ടാക്കും. ജൂൺ 30 വരെയാണ് ഫുട്ബോളിലെ ഒരു വർഷത്തെ താരങ്ങളുടെ കരാർ സാധാരണയായി ഉണ്ടാവുക. ലീഗ് ജൂൺ കടക്കുക ആണെങ്കിൽ പല താരങ്ങളുടെയും കരാർ ഫിഫ പ്രത്യേക അനുമതിയോടെ നീട്ടികൊടുക്കേണ്ടി വരും. അങ്ങനെ വന്നാൽ ഓഗസ്റ്റിൽ തുടങ്ങേണ്ട ട്രാൻസ്ഫർ വിൻഡോ വൈകും. ഈ സാഹചര്യങ്ങൾ ഒക്കെ കണക്കിൽ എടുത്ത് ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ മാറ്റങ്ങ വരുത്താൻ ആണ് ഫിഫ ആലോചിക്കുന്നത്.
അടുത്ത സീസണുകൾ തുടങ്ങാൻ വൈകും എന്നതു കൊണ്ട് തന്നെ ഈ സീസണിൽ ട്രാൻസ്ഫർ വിൻഡോയുടെ നീളം കൂട്ടാൻ ആണ് ഫിഫ പദ്ധതിയിടുന്നത്. ഇത്തവണ ട്രാൻസ്ഫർ വിൻഡോ തുറന്നാൽ ജനുവരിയിൽ ട്രാൻസ്ഫർ കാലം കൂടെ കഴിഞ്ഞ് മാത്രമെ അത് അടക്കാൻ സാധ്യതയുള്ളൂ. ജനുവരി വരെ ക്ലബുകൾക്ക് പരസ്പരം താരങ്ങളെ വാങ്ങാനും വിൽക്കാനും ഫിഫ അവകാശം നൽകിയേക്കും എന്നാണ് വാർത്തകൾ.