മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡിനും വി.വി.എസ് ലക്ഷമണിനും വേണ്ടത്ര ബഹുമാനം ലഭിച്ചിട്ടില്ലെന്ന് അടുത്തിടെ ക്രിക്കറ്റിൽ നിന്ന് വിരമിച്ച വസിം ജാഫർ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത വസിം ജാഫർ രഞ്ജി ട്രോഫിയിലും ഇറാനി കപ്പിലും ദുലീപ് ട്രോഫിയിലും ഏറ്റവും കൂടുതൽ റൺസ് എടുത്ത താരം കൂടിയാണ്.
രാഹുൽ ദ്രാവിഡിനും വി.വി.എസ് ലക്ഷ്മണിനും വേണ്ടത്ര ബഹുമാനം ക്രിക്കറ്റ് ലോകം കൊടുത്തിട്ടില്ലെന്നും ടെസ്റ്റ് ടീമിൽ അവരുടെ കൂടെ കളിക്കുന്ന താരങ്ങൾക്ക് അവർ എത്രത്തോളം വേണ്ടപെട്ടവരാണെന്ന് അറിയാമെന്നും വസിം ജാഫർ പറഞ്ഞു. ഈ കാലഘട്ടത്തിൽ ടി20 ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും പരസ്യം ചെയ്യുന്നവർ ടെലിവിഷനിൽ കൂടുതൽ നേരം കാണിക്കുന്നവരെയും കൂടുതൽ ഭംഗിയുള്ളവരെയുമാണ് ലക്ഷ്യം വെക്കുന്നതെന്നും വസിം ജാഫർ പറഞ്ഞു.
ഈ കാലഘട്ടത്തിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്ക് മാത്രമാണ് കൂടുതൽ ബഹുമാനം ലഭിക്കുന്നതൊന്നും വസിം ജാഫർ പറഞ്ഞു. പൂജാരക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് ഞാൻ പറയുന്നില്ല, എന്നാൽ പൂജാര ടെസ്റ്റ് ക്രിക്കറ്റിൽ ഒഴികെ വേറെ ഒരു ഫോർമാറ്റിലും കളിക്കില്ലെന്നും വസിം ജാഫർ കൂട്ടിച്ചേർത്തു.