രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയെ വിജയത്തിലേക്ക് നയിക്കുവാന്‍ സുപ്രധാന പങ്ക് വഹിച്ച ജയ്ദേവ് ഉനഡ്കടിനെ ഇന്ത്യന്‍ ടീമിലേക്ക് വിളിക്കണമെന്ന് അഭിപ്രായപ്പെട്ട് ടീമിന്റെ കോച്ച് കാര്സന് ഗാവ്റി. രഞ്ജി കിരീടം സ്വന്തമാക്കിയ ശേഷം ഗാവ്റി തന്റെ കോച്ചിംഗ് കരിയറിന് വിരാമം ഇടുകയായിരുന്നു. സീസണില്‍ 67 വിക്കറ്റാണ് ജയ്ദേവ് ഉനഡ്കട് സ്വന്തമാക്കിയത്. ഇത് രഞ്ജിയിലെ സര്‍വ്വകാല റെക്കോര്‍ഡായ ബിഹാറിന്റെ അശുതോഷ് അമന് 2018-19 സീസണില്‍ നേടിയ 68 വിക്കറ്റിന് ഒരു വിക്കറ്റ് മാത്രം പിന്നിലുള്ള പ്രകടനം ആണ്.
ഉനഡ്കടിന്റെ വൈവിദ്ധ്യങ്ങള്‍ ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് ഗാവ്റി വ്യക്തമാക്കിയത്. സ്ഥിരതയാര്‍ന്ന പ്രകടനവും ഒരേ സ്ഥലത്ത് തന്നെ സ്ഥിരമായി പന്തെറിയാനാകുമെന്നതും ജയ്ദേവിനെ ഇന്ത്യയ്ക്ക് ഉപകാരപ്രദമായ ഒരു താരമാക്കി മാറ്റുമെന്നും മുന്‍ സൗരാഷ്ട്ര കോച്ച് പറഞ്ഞു.
താരം തന്റെ ഫിറ്റ്നെസ്സില് കേന്ദ്രീകരിച്ചതോടെ ഇപ്പോള്‍ ദൈര്‍ഘ്യമേറിയ സ്പെല്ലുകള്‍ എറിയാന്‍ സാധിക്കുന്നുണ്ടന്നും ഗാവ്റി വ്യക്തമാക്കി. പഴയ ബോളും ന്യൂ ബോളും ഒരേ പോലെ കൈകാര്യം ചെയ്യാനാകുന്ന താരമാണ് ജയ്ദേവ് എന്നും ഗാവ്റി അഭിപ്രായപ്പെട്ടു. ഏത് സാഹചര്യത്തിലും ഉപയോഗപ്പെടുത്താവുന്ന താരമാണ് ഉനഡ്കട് എന്നും ഗാവ്റി വ്യക്തമാക്കി.