ഈ സീസൺ പ്രീമിയർ ലീഗ് പൂർത്തിയാക്കാൻ ആയേക്കില്ല എന്ന് ഇംഗ്ലീഷ് എഫ് എ ചെയർമാൻ ഗ്രെഗ് ക്ലാർക്ക്. ഇന്നലെ നടന്ന പ്രീമിയർ ലീഗ് ക്ലബുകളുടെ എമർജെൻസി മീറ്റിംഗിലാണ് ക്ലാർക്ക് ഈ കാര്യം വ്യക്തമാക്കിയത്. ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും അവസ്ഥ മാരകമായ സ്ഥിതിയിൽ പ്രീമിയർ ലീഗ് ഇമി പുനരാരംഭിച്ച് തീർക്കുക സാധ്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
കൊറോണ നിയന്ത്രിക്കാൻ ഇനിയും ആഴ്ചകൾ വേണ്ടി വന്നേക്കും. ഇപ്പോൾ രണ്ടാഴ്ചത്തേക്കാണ് പ്രീമിയർ ലീഗ് റദ്ദാക്കിയിരിക്കുന്നത് എങ്കിലും അത് ഇനിയും നീണ്ടേക്കും. കൊറോണ ഭീതി ഒഴിഞ്ഞാൽ മാത്രമെ യൂറോപ്പിലാകെ ഇനി ഫുട്ബോൾ നടക്കാൻ സാധ്യതയുള്ളൂ. ഇന്നലെ പ്രീമിയർ ലീഗ് തൽക്കാലത്തേക്ക് നിർത്താൻ ക്ലബുകൾ അംഗീകരിച്ചു എങ്കിലും അതിനു ശേഷം എന്താകും എന്നത് തീരുമാനമായില്ല. ഈ സീസൺ റദ്ദാക്കി അടുത്ത സീസൺ സെപ്റ്റംബറിൽ ആരംഭിക്കാം എന്ന് ചർച്ചയിൽ നിർദ്ദേശം ഉയർന്നിരുന്നു.