കൊറോണ വൈറസ് ഭീഷണി, മാഞ്ചസ്റ്റർ സിറ്റി ആഴ്‌സണൽ മത്സരം മാറ്റി വച്ചു

Wasim Akram

ഇന്ന് രാത്രി നടക്കാനിരുന്ന പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി ആഴ്‌സണൽ മത്സരം കൊറോണ വൈറസ് ഭീഷണി മൂലം മാറ്റി വച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത് ആദ്യമായാണ് ഒരു മത്സരം കൊറോണ വൈറസ് മൂലം മാറ്റി വക്കുന്നത്. ഇതോടെ ലീഗിന്റെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്കകൾ ആണ് ഉടലെടുക്കുന്നത്.

ഇംഗ്ലീഷ് ക്ലബ് നോട്ടിങ്‌ഹാം ഫോറസ്റ്റ്, ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസ് എന്നിവയുടെ ഉടമ ആയ ഇവാൻകാസ് മാരിനിക്കോസിന് കൊറോണ സ്ഥിരീകരിച്ചത് ആണ് മത്സരം മാറ്റിവക്കാൻ കാരണം. ഈ അടുത്ത് നടന്ന ആഴ്‌സണൽ ഒളിമ്പിയാക്കോസ് മത്സരം കാണാൻ ഇവാൻകാസ് ഉണ്ടായിരുന്നു, അന്ന് പല ആഴ്‌സണൽ താരങ്ങളും ക്ലബ്‌ അധികൃതരും അദ്ദേഹത്തെ കണ്ടുമുട്ടിയത് ആണ് ആശങ്കകൾ ഉണ്ടാക്കിയത്. മത്സരം എന്നു നടത്തും എന്നോ തുടർന്നുള്ള മത്സരങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാവുമോ എന്നോ നിലവിൽ സൂചനകൾ ഇല്ല. അവസാനം മറ്റ് ലീഗുകളിൽ എന്ന പോലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിനും കൊറോണ ഭീഷണി ആവുക ആണ്.