മുംബൈ സിറ്റി പരിശീലകനായ ജോർഗെ കോസ്റ്റ അടുത്ത സീസണിൽ മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ടാകുല്ല. മുംബൈ സിറ്റി ജോർഗെ കോസ്റ്റയുമായി പുതിയ കരാർ ഒപ്പുവെക്കില്ല. കോസ്റ്റയുമായി പിരിയാൻ മുംബൈ സിറ്റി തീരുമാനിച്ചു. ഈ സീസണിൽ മുംബൈ സിറ്റിയെ പ്ലേ ഓഫിൽ എത്തിക്കാൻ കോസ്റ്റയ്ക്ക് ആയിരുന്നില്ല. ഇതാണ് അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടാനുള്ള പ്രധാന കാരണം.
ഒപ്പം മാഞ്ചസ്റ്റർ സിറ്റി മുംബൈ സിറ്റിയെ ഏറ്റെടുത്തു എന്നത് കൊണ്ട് തന്നെ ഒരു സൂപ്പർ പരിശീലകനെ മുംബൈയിൽ എത്തിക്കാനുള്ള സാധ്യതയും ഈ നീക്കത്തിനു പിറകിൽ ഉണ്ടാകുമെന്ന് ഫുട്ബോൾ നിരീക്ഷകർ കരുതുന്നു. ജോർഗെ കോസ്റ്റയുടെ ഐ എസ് എല്ലിലെ രണ്ടാം സീസണായിരുന്നു ഇത്. ആദ്യ സീസണിൽ മുംബൈയെ സെമി ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിന് ആയിരുന്നു.
മുമ്പ് മൗറീനോക്ക് കീഴിൽ പോർട്ടോയ്ക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിട്ടുണ്ട് ജോർഗെ കോസ്റ്റ. 15 വർഷത്തോളം പോർട്ടോ ജേഴ്സി അണിഞ്ഞു കളിച്ച താരം ആയിരുന്നു കോസ്റ്റ. 2004ൽ പോർട്ടോ അത്ഭുത കുതിപ്പിലൂടെ ചാമ്പ്യൻസ് ലീഗ് നേടുമ്പോൾ അദ്ദേഹമായിരുന്നു ക്ലബ് ക്യാപ്റ്റൻ. കോസ്റ്റ പരിശീലകനായ 13ആമത്തെ ക്ലബായിരുന്നു മുംബൈ സിറ്റി. ഫ്രഞ്ച് ഫുട്ബോൾ ക്ലബായ ടൂർസയിൽ നിന്നായിരുന്നു ഇദ്ദേഹം മുംബൈയിലേക്ക് എത്തിയത്.