12 വയസ്സിനു താഴെയുള്ള കുട്ടികൾ പരിശീലത്തിനിടെ പന്ത് ഹെഡ് ചെയ്യാൻ പാടില്ല!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്‌ബോളിൽ ചിലപ്പോൾ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന വിവാദ തീരുമാനവും ആയി ബ്രിട്ടീഷ് ഫുട്‌ബോൾ അസോസിയേഷനുകൾ. 12 വയസ്സിനു താഴെയുള്ള കുട്ടികൾ പരിശീലത്തിനിടെ പന്ത് ഹെഡ് ചെയ്യുന്നത് തടയാൻ ആണ് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ, സ്‌കോട്ടിഷ് ഫുട്‌ബോൾ അസോസിയേഷൻ, ഐറിഷ്‌ ഫുട്‌ബോൾ അസോസിയേഷൻ എന്നിവർ സംയുക്തമായി എടുത്ത തീരുമാനം. പഴയ താരങ്ങളെ ഉൾപ്പെടുത്തി നടത്തിയ മെഡിക്കൽ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഫുട്‌ബോൾ അസോസിയേഷനുകൾ ഇത്ര കടുത്ത തീരുമാനം എടുത്തത്.

6 മുതൽ 11 വരെയുള്ള കുട്ടികളുടെ പരിശീലനത്തിൽ ഹെഡറുകൾ ഒഴിവാക്കാൻ തീരുമാനിച്ച അവർ, 12 മുതൽ 16 വരെയുള്ള കുട്ടികളുടെ പരിശീലനത്തിൽ കൂടുതൽ ശ്രദ്ധയുള്ള സമീപനത്തിനും നിർദ്ദേശിച്ചു. കൂടാതെ 18 വയസ്സിനു താഴെയുള്ളവരിലും ഈ തീരുമാനം പിന്നീട് നടപ്പാക്കാനും അധികൃതർക്ക് ഉദ്ദേശമുണ്ട്. എന്നാൽ ഏത് യൂത്ത് ഫുട്‌ബോൾ മത്സരങ്ങളിലും ഹെഡ് ചെയ്യുന്നതിനു വിലക്കില്ല. പുതിയ തീരുമാനം പരിശീലകരെ കൂടുതൽ ഹെഡറുകൾ പരിശീലിപ്പിക്കുന്നത് തടയുകയും അതിനെ കുറിച്ച് കൂടുതൽ ശ്രദ്ധ വരും എന്നാണ് അധികൃതരുടെ വാദം. കഴിഞ്ഞ വർഷം ഗ്ളാസ്‌കോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം ആണ് ഈ തീരുമാനങ്ങൾ എടുക്കാൻ അധികൃതരെ നിർബന്ധിതമാക്കിയത്.

7,676 പഴയ ഫുട്‌ബോൾ താരങ്ങളുടേതും 23,000 സാധാരണക്കാരുടേതും മെഡിക്കൽ റിക്കോർഡുകൾ പരിശോധിച്ച് നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന ഫലം ആണ് പുറത്ത് വന്നത്. ഒരുപാട് ഹെഡറുകൾ കരിയറിൽ ചെയ്യുന്നത് കൊണ്ട് തന്നെ മറ്റുള്ളവരെ അപേക്ഷിച്ച് മുൻ ഫുട്‌ബോൾ താരങ്ങൾ മസ്തിഷ്കം സംബന്ധിച്ച രോഗങ്ങൾ കാരണം മരിക്കാനുള്ള സാധ്യത മൂന്നര മടങ്ങ് കൂടുതൽ ആണെന്നാണ് പഠനം പറയുന്നത്. കൂടുതൽ വ്യക്തമാക്കിയാൽ അൽഷിമേഴ്‌സ് കാരണം മുൻ ഫുട്‌ബോൾ താരം മറ്റുള്ളവരെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത 5 മടങ്ങ് ആണെങ്കിൽ മോട്ടോർ ന്യൂറോൺ രോഗം കാരണം മരിക്കാനുള്ള സാധ്യത 4 മടങ്ങും പാർക്കിൻസൻ കാരണം മരിക്കാനുള്ള സാധ്യത 2 മടങ്ങും ആണ്.

ഫുട്‌ബോൾ അസോസിയേഷനുകളുടെ സഹായത്തോടെ തന്നെ നടത്തിയ പഠനത്തിലെ ഈ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ഹെഡറുകൾ യൂത്ത് ഫുട്‌ബോളിൽ നിന്ന് ഒഴിവാക്കാൻ അധികൃതരെ പ്രേരിപ്പിച്ച ഘടകം. മുമ്പ് സമാനമായ പഠനങ്ങൾ അമേരിക്കൻ ഫുട്‌ബോൾ ലീഗ് ആയ എൻ. എഫ്.എലിലും വലിയ മാറ്റങ്ങൾ കൊണ്ട് വന്നിരുന്നു. ചികിത്സ രംഗത്ത് ഉള്ളവർ തീരുമാനം സ്വാഗതം ചെയ്തപ്പോൾ ഫുട്‌ബോൾ ലോകത്ത് ഈ തീരുമാനം രണ്ട് രീതിയിൽ ആണ് സ്വീകരിക്കപ്പെട്ടത്.

ചിലർ തീരുമാനം സ്വാഗതം ചെയ്തപ്പോൾ മറ്റ് പലരും തീരുമാനം എത്രത്തോളം ഫുട്‌ബോളിനെ മോശമായി ബാധിക്കും എന്ന ആശങ്ക പങ്ക് വച്ചു. ഫുട്‌ബോളിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ ഹെഡറുകൾ ഫുട്‌ബോളിൽ നിന്ന് ഇല്ലാതാവാൻ ഇത്തരം തീരുമാനങ്ങൾ ഇടയാക്കുമോ എന്ന സംശയവും പലർക്കും ഉണ്ട്. ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ് ഭൂരിഭാഗം ആരാധകർക്കും. എന്നാൽ ഫുട്‌ബോളിനെക്കാൾ പ്രാധാന്യം ആരോഗ്യത്തിനും മനുഷ്യജീവനും ആയതിനാൽ തന്നെ ഇത്തരം മാറ്റങ്ങൾ മികച്ച വ്യത്യാസം ഫുട്‌ബോൾ ചികത്സാ രംഗത്തും ഫുട്‌ബോൾ കളത്തിലും ഉണ്ടാക്കും എന്നു കരുതാം.