ബോർഡക്സിനെ ആവേശപോരാട്ടത്തിൽ 4-3 മറികടന്ന് പാരീസ് സെന്റ് ജർമ്മൻ. പി.എസ്.ജിക്ക് ആയി ചരിത്രത്തിൽ ആദ്യമായി 200 ഗോളുകൾ നേടുന്ന താരമായി ഉറുഗ്വേ താരം എഡിസൺ കവാനി മാറിയ മത്സരം കൂടിയായിരുന്നു ഇത്. 298 മത്സരങ്ങൾ പി.എസ്.ജിക്ക് ആയി കളിച്ച കവാനിക്ക് പിറകെ മാർകീനിയോസ് ഇരട്ടഗോളുകളും ആയി തിളങ്ങിയ മത്സരത്തിൽ എമ്പപ്പെയുടെ വക ആയിരുന്നു അവരുടെ നാലാം ഗോൾ. എന്നാൽ ബ്രസീലിയൻ താരം നെയ്മർ ജൂനിയർ ചുവപ്പ് കാർഡ് കണ്ട് പുറത്ത് ആയത് അവർക്ക് തിരിച്ചടി ആയി. ജയത്തോടെ പി.എസ്.ജി ലീഗിലെ ലീഡ് നിലനിർത്തുകയും ചെയ്തു.
ആവേശകരമായ മത്സരത്തിൽ ഹാങ് ജോയിലൂടെ എതിരാളികൾ ആണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ 25 മിനിറ്റിൽ ഡി മരിയയുടെ ക്രോസിൽ നിന്നും ഹെഡറിലൂടെ ഗോൾ മടക്കിയ കവാനി ആതിഥേയർക്ക് സമനില ഗോൾ സമ്മാനിച്ചു. പിന്നീട് ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഡി മരിയയുടെ പാസിൽ നിന്നു ബ്രസീൽ താരം മാർകീനിയോസ് പി.എസ്.ജിക്ക് മത്സരത്തിൽ ആദ്യമായി ലീഡ് നൽകി. എന്നാൽ ഗോൾ വഴങ്ങിയ ഉടൻ ആദ്യ പകുതിയിൽ തന്നെ പാബ്ലോയുടെ ഗോളിൽ സമനില പിടിച്ചു ബോർഡക്സ്. രണ്ടാം പകുതിയിൽ 63 മിനിറ്റിൽ ഒരിക്കൽ കൂടി ഗോൾ കണ്ടത്തിയ മാർകീനിയോസ് പി.എസ്.ജിയെ മത്സരത്തിൽ ഒരിക്കൽ കൂടി മുന്നിലെത്തിച്ചു.
തുടർന്ന് 69 മിനിറ്റിൽ കവാനിയുടെ പാസിൽ നിന്നു എമ്പപ്പെ ഗോൾ നേടിയതോടെ പി.എസ്.ജി ജയം ഉറപ്പിച്ചു. പി.എസ്.ജിക്ക് ആയുള്ള 85 ഗോൾ ആയിരുന്നു ഫ്രഞ്ച് യുവ താരത്തിന് ഇത്, ഇതോടെ പി.എസ്.ജിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന 7 മത്തെ താരം ആയി എമ്പപ്പെ. എന്നാൽ 83 മിനിറ്റിൽ ഒരു ഗോൾ ബോർഡക്സിനായി മടക്കിയ റൂബൻ പാർഡോ അവസാന നിമിഷങ്ങളിൽ പി.എസ്.ജിക്ക് ആശങ്ക സൃഷ്ടിച്ചു. എന്നാൽ ആദ്യ പകുതിയുടെ അവസാനനിമിഷം മഞ്ഞ കാർഡ് കണ്ട നെയ്മർ കളിയുടെ അവസാന നിമിഷം രണ്ടാം മഞ്ഞ കാർഡ് കണ്ട് പുരത്തോട്ട് പോയത് പി.എസ്.ജിക്ക് തിരിച്ചടി ആയി. ഇത് രണ്ടാം തവണയാണ് പി.എസ്.ജിക്ക് ആയി കളിക്കുമ്പോൾ നെയ്മർ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോകുന്നത്. ജയത്തോടെ മാഴ്സെയെക്കാൾ 13 പോയിന്റുകൾ മുകളിൽ ഒന്നാമത് തന്നെയാണ് പി.എസ്.ജി ബോർഡക്സ് ആവട്ടെ 12 സ്ഥാനത്തും.