ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗ് ഘട്ട കിരീടം എഫ് സി ഗോവ സ്വന്തമാക്കി. ഇന്ന് നടന്ന ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ജംഷദ്പൂരിനെ തോൽപ്പിച്ചതോടെയാണ് ലീഗിലെ ഒന്നാം സ്ഥാനം ഗോവ ഉറപ്പിച്ചത്. ഇന്ന് ജംഷദ്പൂരിൽ വെച്ച് നടന്ന പോരാട്ടം എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഗോവ വിജയിച്ചത്. 2 അസിസ്റ്റും രണ്ട് ഗോളുകളും നേടിയ ഹ്യൂഗോ ബോമസ് ആണ് ഇന്ന് താരമായത്.
എന്തായലും പരാജയപ്പെടാൻ പാടില്ലാത്ത മത്സരത്തിൽ, തുടക്കത്തിൽ തന്നെ കോറോ നേടിയ ഗോൾ ഗോവയുടെ സമ്മർദ്ദം കുറക്കുകയായിരുന്നു. കളിയുടെ 11ആം മിനുട്ടിൽ ആയിരുന്നു കോറോയുടെ ഗോൾ. ഹ്യൂഗോ ബോമസിന്റെ പാസിൽ നിന്നായുന്നു കോറോയുടെ ഗോൾ. കളിയുടെ രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ ഹ്യൂഗോ ബോമസിലൂടെ രണ്ടാം ഗോളും നേടി എഫ് സി ഗോവ വിജയം ഉറപ്പിച്ചു. 84ആം മിനുട്ടിൽ ജാക്കി ചന്ദിന്റെ ഗോളിന് വഴി ഒരുക്കാനും ബൗമസിനായി. കളിയുടെ അവസാന നിമിഷം മൗർട്ടാട ഫാളിലൂടെ നാലാം ഗോളും, ബൗമസിലൂടെ അഞ്ചാം നേടി ഗോവ ജംഷദ്പൂരിന്റെ തകർച്ചയും ഉറപ്പിച്ചു. ബൗമസ് ഈ സീസണിൽ ഇതുവരെ 11 ഗോളും 10 അസിസ്റ്റും ഗോവയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്.
ഈ വിജയത്തോടെ എഫ് സി ഗോവ 18 മത്സരങ്ങളിൽ നിന്ന് 39 പോയന്റുമായി ലീഗ് ഘട്ടം അവസാനിപ്പിച്ചു.33 പോയന്റുള്ള എ ടി കെ കൊൽക്കത്തയ്ക്ക് ഇനി ഗോവയെ മറികടക്കാൻ കഴിയില്ല എന്ന് ഉറപ്പായി. ഇതോടെ ഐ എസ് എൽ ലീഗ് ചാമ്പ്യന്മാർക്ക് ലഭിക്കുന്ന ഷീൽഡ് എഫ് സി ഗോവ സ്വന്തമാക്കി. പ്ലേ ഓഫിൽ ഗോവയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഈ ഷീൽഡ് ഗോവൻ ടീമിന് സമ്മാനിക്കും. ഒപ്പം 50 ലക്ഷം സമ്മാനതുക ആയും ലഭിക്കും. ലീഗ് ഘട്ടത്തിൽ ഒന്നാമത് എത്തിയതിനുള്ള എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഗോവ ഇതോടെ ഉറപ്പിച്ചു.