മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, വടക്കൻ അയർലൻഡ് ഗോൾ കീപ്പർ ഹാരി ഗ്രഗ് അന്തരിച്ചു. 87 വയസ്സ് ആയിരുന്നു അദ്ദേഹത്തിന്. 8 മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെത് അടക്കം 23 പേരുടെ ജീവനെടുത്ത 1958 ലെ മ്യൂണിക്ക് വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട താരമായിരുന്നു ഗ്രഗ്. അപകടസമയത്ത് പിഞ്ചു കുഞ്ഞിനെയും സഹതാരങ്ങൾ ആയ സർ ബോബി ചാൾട്ടൻ, ജാക്കി ബാങ്ക്ഫ്ളോവർ തുടങ്ങി നിരവധി പേരെ രക്ഷിച്ച ഗ്രഗ് മ്യൂണിക്ക് ദുരന്ത സമയത്തെ രക്ഷകൻ ആയി ആണ് അറിയപ്പെട്ടിരുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം എന്ന് ആ ദിനത്തെ പിന്നീട് വിശേഷിപ്പിച്ച താരം 2 ആഴ്ചകൾക്ക് ശേഷം എഫ്.എ കപ്പിൽ ഷെഫീൽഡ് വെനത്സ്ഡേക്ക് എതിരായ യുണൈറ്റഡിന്റെ ജയത്തിൽ നിർണായക പങ്ക് ആണ് വഹിച്ചത്.
1957 ൽ യുണൈറ്റഡിൽ എത്തിയ ഹാരി ഗ്രഗ് ആ സമയത്ത് ലോകത്തിലെ ഏറ്റവും വില കൂടിയ ഗോൾ കീപ്പർ ആയിരുന്നു. യുണൈറ്റഡിനായി നിരവധി മത്സരങ്ങൾ കളിച്ച താരം 1954 മുതൽ 1963 വരെ വടക്കൻ അയർലൻഡിനായി 25 തവണയും കളിച്ചു. തന്റെ ഏറ്റവും വലിയ ഹീറോകളിൽ ഒരാൾ ആയി ആണ് സർ അലക്സ് ഫെർഗൂസൻ ഗ്രഗിനെ വിശേഷിപ്പിച്ചത്. അവസാനകാലത്ത് വടക്കൻ അയർലൻഡിലെ വീട്ടിൽ ആയിരുന്നു ഗ്രഗിന്റെ താമസം. ഇടക്ക് സാമൂഹിക പ്രവർത്തികളും അദ്ദേഹം ഏർപ്പെട്ടു. 2019 ൽ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രത്യേക ബഹുമതിയും അദ്ദേഹത്തെ തേടി എത്തി. 2018 ൽ ആണ് അദ്ദേഹം അവസാനം ആയി തന്റെ പ്രിയപ്പെട്ട ഓൾഡ് ട്രാഫോഡ് സ്റ്റേഡിയം സന്ദർശിച്ചത്. ലോകത്ത് എല്ലായിടത്ത് ഉള്ള ആരാധകർക്ക് ഒപ്പം ഹാരി ഗ്രഗിന്റെ മരണത്തിൽ ഫാൻപോർട്ടും ആദരാഞ്ജലികൾ നേരുന്നു.