ഐ.സി.സിയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ് ജയിക്കുന്നത് ഏകദിന-ടി20 ലോകകപ്പുകൾ ജയിക്കുന്നതിനേക്കാൾ വലുതാണെന്ന് ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ് എന്നും അത് ജയിക്കുകയെന്നത് വലിയ കാര്യമാണെന്നും പൂജാര പറഞ്ഞു.
മുൻ കാലങ്ങളിലെയോ അത് ഈ കാലത്തെയോ ഏതൊരു മികച്ച ക്രിക്കറ്റ് താരത്തിനോട് ചോദിച്ചാലും ടെസ്റ്റ് ക്രിക്കറ്റണ് ഏറ്റവും കാഠിന്യമേറിയ ക്രിക്കറ്റ് ഫോർമാറ്റ് എന്ന് അവർ പറയുമെന്നും പൂജാര പറഞ്ഞു. അതുകൊണ്ട് തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ ലോക ചാമ്പ്യനായൽ അതിനേക്കാൾ വലുത് വേറെയൊന്നുമില്ലെന്നും പൂജാര പറഞ്ഞു.
ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥിര സാന്നിദ്ധ്യമായ പൂജാര 2014ന് ശേഷം നിശ്ചിത ഓവർ മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. നിലവിൽ 7 മത്സരങ്ങളിൽ നിന്ന് 360 പോയിന്റുമായി ഇന്ത്യയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യയേക്കാൾ മൂന്ന് മത്സരങ്ങൾ അധികം കളിച്ച ഓസ്ട്രേലിയ 296 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.