ല ലീഗ കിരീട പോരാട്ടത്തിൽ നിർണായക ജയവുമായി സിദാന്റെ റയൽ മാഡ്രിഡ്. ഒസാസുനയെ എവേ മത്സരത്തിൽ 1-4 ന് മറികടന്നാണ് റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തങ്ങളുടെ ലീഡ് 6 പോയിന്റ് ആക്കി ഉയർത്തിയത്. മാസങ്ങളോളം ഗോൾ വരൾച്ച നേരിട്ട ഇസ്കോ, യോവിച് എന്നിവർ ഇന്ന് ഗോളടിച്ചതും റയലിന് ഇരട്ടി മധുരമായി.
കളിയിൽ അപ്രതീക്ഷിതമായി ആദ്യം ലീഡ് നേടാൻ സാധിച്ചു എന്നത് മാറ്റി നിർത്തിയാൽ ഒസാസുനക്ക് കളിയിൽ കാര്യമായി ഒന്നും തന്നെ നേടാൻ ആയില്ല. റയൽ ക്യാപ്റ്റൻ റാമോസ് അനാവശ്യ ഫൗളിന് ചുവപ്പ് കാർഡ് കാണാതെ രക്ഷപെട്ടതും കളിയിൽ നിർണായകമായി. 14 ആം മിനുട്ടിൽ ഉനൈ ഗാർസിസയുടെ ഗോളിൽ ഒസാസുന ലീഡ് എടുത്തെങ്കിലും ഇസ്കോ, റാമോസ് എന്നിവരുടെ ഗോളിൽ ആദ്യ പകുതിക്ക് പിരിയും മുൻപ് തന്നെ റയൽ മത്സരം തിരികെ പിടിച്ചിരുന്നു. പിന്നീട് രണ്ടാം പകുതിയിൽ വസ്കേസ്, ലൂക്ക യോവിച് എന്നിവരും സ്കോർ ഷീറ്റിൽ ഇടം നേടി. ഒക്ടോബറിന് ശേഷം ആദ്യമായാണ് യോവിക് റയലിനായി ഗോൾ നേടുന്നത്.