ഓസ്ട്രേലിയൻ ഓപ്പണിൽ ഒന്നാം സീഡ് ആയ ചെക് റിപ്പബ്ലിക്, ചൈനീസ് തായ്പേയ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഫ്രഞ്ച്-ഹംഗേറിയൻ സഖ്യം ആയ രണ്ടാം സീഡ് ക്രിസ്റ്റീന മൾഡെനോവിച്ച്, തിമിയ ബാബോസ് സഖ്യം കിരീടം നേടി. ചെക് താരം ബാർബറ സ്ട്രേയ്ക്കോവ, ചൈനീസ് തായ്പേയ് താരം സുവേയി എന്നിവർ അടങ്ങിയ ഒന്നാം സീഡ് സഖ്യത്തിന് മത്സരത്തിൽ ഒരവസരവും നൽകാതെയാണ് തുടർച്ചയായ മൂന്നാം ഫൈനൽ കളിക്കുന്ന ഫ്രഞ്ച്- ഹംഗേറിയൻ സഖ്യം ജയം കണ്ടത്.
ആദ്യ സെറ്റ് 6-2 നു നേടിയ ക്രിസ്റ്റീന, ബാബോസ് സഖ്യം 6-1 നു രണ്ടാം സെറ്റും സ്വന്തമാക്കി തങ്ങളുടെ രണ്ടാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ഉറപ്പിച്ചു. തങ്ങളുടെ മൂന്നാമത്തെ ഗ്രാന്റ് സ്ലാം കിരീടം ആണ് ക്രിസ്റ്റീന- ബാബോസ് സഖ്യം ഇതോടെ സ്വന്തമാക്കിയത്. ഫ്രാൻസിനു ഒപ്പം ഫെഡറേഷൻ കപ്പ് ഉയർത്തിയ ക്രിസ്റ്റീനയുടെ മൂന്നാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും നാലാം ഗ്രാന്റ് സ്ലാം കിരീടവും കൂടിയാണ് ഇത്.