ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടം മുറുകുന്നു. ഇന്നത്തെ മത്സരത്തിൽ ബെംഗളൂരു എഫ്.സി ഹൈദരാബാദിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. മത്സരത്തിലുടനീളം മികച്ച പ്രകടനം ബെംഗളൂരു പുറത്തെടുത്തെങ്കിലും ഒരു ഗോളിൽ അധികം നേടാൻ അവർക്കായില്ല. ആദ്യ പകുതിയിൽ ഹൈദരാബാദിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിങ് രക്ഷപെടുത്തിയതും ബെംഗളുരുവിന് അവർക്ക് തുണയായി.
മത്സരത്തിന്റെ 7ആം മിനുട്ടിൽ നിഷു കുമാറിന്റെ ഗോളിലാണ് ബെംഗളൂരു മത്സരത്തിൽ ലീഡ് നേടിയത്. ബോക്സിന് പുറത്ത് നിന്നുള്ള ഒരു മികച്ച ഷോട്ടിൽ നിന്നാണ് നിഷു കുമാർ ഗോൾ നേടിയത്. തുടർന്നാണ് ഹൈദരാബാദിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി എടുത്ത മാർകോ സ്റ്റാൻകോവിച്ചിന്റെ പെനാൽറ്റി ഗുർപ്രീത് രക്ഷപെടുകയായിരുന്നു. തുടർന്നും ഹൈദരാബാദിന്റെ ശ്രമങ്ങൾ എല്ലാം ഗുർപ്രീത് രക്ഷപ്പെടുത്തുകയായിരുന്നു.
ജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിൽ രണ്ടാം സ്ഥാനത്താണ്.