കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന് ചാമ്പ്യന്‍ഷിപ്പിലെ പൂള് എ മത്സരത്തില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം. മികച്ച കളി പുറത്തെടുത്ത കേരളം ഒഡീഷയ്ക്കെതിരെ പൊരുതിയാണ് കീഴടങ്ങിയത്. ആദ്യ രണ്ട് ക്വാര്‍ട്ടറുകളിലും ഗോള്‍ വഴങ്ങാതെ നന്നായി കളിച്ച കേരളത്തിന് തിരിച്ചടിയായത് ഒഡീഷയുടെ വിവാദച്ചുവയുള്ള ഗോളാണ്.
മുപ്പത്തിയാറാം മിനുട്ടില്‍ ഒഡീഷയുടെ പതിമൂന്നാം നമ്പര്‍താരം ടോപ്പോജിവാന്‍ കിഷോരി ഡി-സര്‍ക്കിളിന് പുറത്ത് നിന്ന് ഗോള്‍ പോസ്റ്റിലേക്ക് നീട്ടിയടിച്ച പന്ത് ഡി സര്‍ക്കിളിനകത്ത് വച്ച് സ്റ്റിക്കിന്റെ സ്പര്‍ശമില്ലാതെ കേരളത്തിന്റെ ഗോള്‍വലയിലെത്തിയത് അമ്പയര്‍ ഗോള്‍ വിധിച്ചു. ഇതിനെതിരെ കേരളത്തിന്റെ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും അമ്പയര്‍ തീരുമാനം മാറ്റിയില്ല. കളിയുടെ ഗതിക്കെതിരായിരുന്നു ഒഡീഷയുടെ വിവാദ ഗോള്‍. നാല്പത്തിനാലാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണര്‍ അര്‍ച്ചന ഗോളാക്കി മാറ്റിയതോടെ കേരളം ഒപ്പമെത്തി.
പിന്നെ ന്യൂ ഹോക്കി സ്റ്റേഡിയം കണ്ടത് കേരളത്തിന്റെ തുടരെയുള്ള മുന്നേറ്റങ്ങളായിരുന്നു.ആര്യയും സരിഗയും കൊല്ലംകാരി അഷ്മിയും ക്യാപ്ടന് സിനിയുമെല്ലാം തുടരെ ഒഡീഷ പ്രതിരോധനിരയെ പരീക്ഷിച്ചു. നാലാമത്തെ ക്വാര്‍ട്ടറില്‍ കുജുര്‍ റോജിതയിലൂടെ ഒഡീഷ വീണ്ടും മുന്നിലെത്തി. മികച്ച നീക്കങ്ങളുമായി ഇരമ്പിക്കയറിയ ഒഡീഷ തുടരെ ഗോളിനടുത്തെത്തിയെങ്കിലും അഞ്ജുവും അനഘയും വര്‍ഷയും ഉള്‍പ്പെട്ട പ്രതിരോധനിര സമര്‍ത്ഥമായി പ്രതിരോധിച്ചു. ഗോള്‍ കീപ്പര്‍ ബ്ലെസ്സി ജോണിന്റെ മിന്നും സേവുകളും കേരളത്തിന്റെ രക്ഷയ്ക്കെത്തി.
കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ സുരിന്‍ അഭിനാസി മുക്തിയിലൂടെ ഒഡീഷ ഗോള്‍ നേടിയതോടെ ആതിഥേയരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. ശങ്കര്‍ തോല്‍മാട്ടിയുടെ അസാന്നിധ്യത്തില്‍ സഹപരിശീലകന്‍ യാസിര്‍ അന്‍സാരിയാണ് കേരളടീമിന്റെ മുഖ്യ പരിശീലകന്റെ റോളിലെത്തിയത്. 4-4-2 ഫോര്‍മേഷനിലാണ് യാസിര്‍ അന്‍സാരി ഒഡീഷയ്ക്ക് എതിരെ ടീമിനെ ഇറക്കിയത്.ഫെബ്രുവരി ഒന്നിന് രാവിലെ എട്ടിന് ഹിമാചലിനെതിരെയാണ് കേരളത്തിന്റെ രണ്ടാം മത്സരം.
പൂള് ബിയിലെ ആദ്യമത്സരത്തില്‍ കരുത്തരായ ഹരിയാന ഒന്നിനെതിരെ ഒന്‍പത് ഗോളുകള്‍ക്ക് രാജസ്ഥാനെ തകര്‍ത്തു. ഒളിമ്പ്യന്‍ പൂനം റാണി മാലിക്കിന്റെ ക്യാപ്ടന്‍സിയില്‍ ഇറങ്ങിയ ഹരിയാനയ്ക്ക് രാജസ്ഥാന് എതിരാളിയേ അല്ലായിരുന്നു. പതിനൊന്നാം മിനുട്ടില്‍ ക്യാപ്ടന് പൂനം റാണി മാലിക്കിലൂടെ ഗോള്‍ വേട്ട തുടങ്ങിയ ഹരിയാന ഓരോ ക്വാര്‍ട്ടറിലും ലീഡ് വര്‍ധിപ്പിച്ചു. ഹരിയാനയ്ക്ക് വേണ്ടി കാജലും ദേവിക സെന്നും അമന്‍ദീപ് കൗറും രണ്ട് ഗോള്‍ വീതം നേടി. അനു, നീലം എന്നിവരും ഹരിയാനയ്ക്കായി ഓരോ ഗോള്‍ വീതം നേടി. രാജസ്ഥാന്റെ ആശ്വാസഗോള്‍ ബലാവത്ത് റീന കന്‍വറിന്റെ വകയായിരുന്നു.
പൂള് സിയില്‍ മഹാരാഷ്ട്ര തമിഴ്നാടിനെ ഒന്നിനെതിരെ 9 ഗോളുകള്‍ക്ക്് തോല്പിച്ചു.മഹാരാഷ്ട്ര നിരയില്‍ റീതാ കുമാര്‍ ഹാട്രിക്ക് നേടി. റുതുജ പിസാലും ഭാവന ഖാഡെയും രണ്ട് ഗോള്‍ വീതം നേടി. അങ്കിത സപാറ്റെ,ശ്രദ്ധ തിവാരി എന്നിവരാണ് മഹാരാഷ്ട്രയുടെ മറ്റ് ഗോള്‍ സ്കോറര്‍മാര്‍. ആര് നിവേത തമിഴ്നാടിന്റെ ആശ്വാസഗോള്‍ നേടി. പൂള് സിയിലെ മറ്റൊരു മത്സരത്തില്‍ പഞ്ചാബ് ഉത്തര്‍പ്രദേശിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.ഒ രു ഗോള്‍ വഴങ്ങിയ ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് പഞ്ചാബിന്റെ വിജയം.സപ്ന, ലോവ്ഡേ കൗര്‍, രൂപീന്ദര്‍ കൗര്‍, എന്നിവര്‍ പഞ്ചാബിനായി ഗോളുകള്‍ നേടി. ആദ്യം പൂജായാദവിലൂടെയും കളി തീരാന്‍ മിനുട്ടുകള്‍ ശേഷിക്കെ സുനിതായാദവിലൂടെയും ഉത്തര്‍പ്രദേശ് ഗോളുകള്‍ മടക്കി.
ഭോപ്പാല്‍ ടീം എത്താത്തതിനാല്‍ പൂള് എയില്‍ നിന്ന് മധ്യപ്രദേശിനും ഗാങ്പുര്‍ ഒഡീഷ എത്താത്തതിനാല്‍ പൂള് ബിയില്‍ നിന്നും കര്‍ണാടകയ്ക്കും വാക്കോവര്‍ ലഭിച്ചു. എ ഡിവിഷന് ചാമ്പ്യന്‍ഷിപ്പില്‍ നാളെ(വെള്ളി) മൂന്ന് മത്സരങ്ങള്‍ നടക്കും. രാവിലെ എട്ടിന് മധ്യപ്രദേശ് ഒഡീഷയെയും ഉച്ചയ്ക്ക് 12.30ന് രാജസ്ഥാന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയെയും നേരിടും. 7.30ന് നടക്കുന്ന(പകല്‍ രാത്രി മത്സരം)മത്സരത്തില്‍ മഹാരാഷ്ട്രയ്ക്ക് ഉത്തര്‍പ്രദേശാണ് എതിരാളി.