കാത്തിരിപ്പിന് അവസാനം, ബ്രൂണോ ഫെർണാണ്ടസ് ഇനി ഓൾഡ് ട്രാഫോഡിൽ

na

ഏറെ കാലം നീണ്ടു നിന്ന ട്രാൻസ്ഫർ പോരാട്ടം അവസാനിച്ചു. പോർച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെർണാണ്ടസ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം. 55 മില്യൺ യൂറോ നൽകിയാണ് താരത്തെ സ്പോർട്ടിങ് ലിസ്ബനിൽ നിന്ന് ഒലെയുടെ ടീം സ്വന്തമാക്കിയത്.

25 വയസ്സുകാരനായ ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗൽ ദേശീയ ടീം അംഗമാണ്. ഇറ്റാലിയൻ ക്ലബ്ബ് നോവാരയിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം പിന്നീട് ഉദിനെസെ, സാമ്പ്‌ടോറിയ ടീമുകൾക്ക് കളിച്ച ശേഷമാണ് 2017 ൽ ആണ് ജന്മദേശമായ പോർച്ചുഗലിൽ സ്പോർട്ടിങിന് വേണ്ടി കളിക്കാൻ ചെന്നത്. ഏറെ നാളായി ലക്ഷ്യമിട്ട താരത്തെയാണ് ഇതോടെ യുണൈറ്റഡ് സ്വന്തമാക്കിയത്. 55 മില്യൺ കൂടാതെ വിവിധ ബോണസുകളായി 25 മില്യൺ കൂടെ യുണൈറ്റഡ് നൽകേണ്ടി വരുന്ന രീതിയിലാണ് കരാർ എന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ മെഡിക്കൽ നാളെ പൂർത്തിയായേക്കും.