ഈ ഓസ്ട്രേലിയൻ ഓപ്പണിലും പുതിയ തലമുറയുടെ കിരീടമോഹങ്ങൾ അസ്ഥാനത്ത് ആവൻ സാധ്യതയുള്ള കാഴ്ചക്ക് ആണ് സാക്ഷ്യം വഹിക്കുന്നത്. പലരും വലിയ കിരീടസാധ്യത കൽപ്പിച്ച റഷ്യൻ താരവും നാലാം സീഡും ആയ ഡാനിൽ മെദ്വദേവിനെ നാലാം റൗണ്ടിൽ വീഴ്ത്തി മുൻ ജേതാവും സ്വിസ് താരവും ആയ സ്റ്റാനിസ്ലാവ് വാവറിങ്ക. 5 സെറ്റ് നീണ്ട മത്സരത്തിൽ 15 സീഡ് ആയ വാവറിങ്കയുടെ പോരാട്ടവീര്യത്തിന് മുന്നിൽ വീഴാൻ ആയിരുന്നു റഷ്യൻ താരത്തിന്റെ വിധി. ആദ്യ സെറ്റ് 6-2 നേടിയ വാവറിങ്കക്ക് മികച്ച തുടക്കം ആണ് മത്സരത്തിൽ ലഭിച്ചത്. എന്നാൽ രണ്ടാം സെറ്റിൽ അതേനാണയത്തിൽ തിരിച്ചടിച്ച മെദ്വദേവ് 6-2 നു ഈ സെറ്റ് നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിലും ഈ മികവ് തുടർന്ന റഷ്യൻ താരം 6-4 നു സെറ്റ് നേടി മത്സരത്തിൽ മുൻതൂക്കം നേടി.
എന്നാൽ കീഴടങ്ങാൻ തയ്യാറാവാതിരുന്ന വാവറിങ്ക നാലാം സെറ്റിൽ അതിശക്തമായി പൊരുതി. തന്റെ നല്ല കാലത്തെ ഓർമ്മിപ്പിച്ച വാവറിങ്ക മികച്ച പ്രകടനം ആണ് പുറത്ത് എടുത്തത്.നാലാം സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടിയ താരം സെറ്റ് സ്വന്തമാക്കി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. ഇതുവരെ കളിച്ച എല്ലാ അഞ്ചാം സെറ്റുകളും തോറ്റ മെദ്വദേവിന് അഞ്ചാം സെറ്റിൽ വലിയ അവസരം ഒന്നും നൽകാതിരുന്ന വാവറിങ്ക സെറ്റ് 6-2 നു സ്വന്തമാക്കി അവസാന എട്ടിലേക്ക് മുന്നേറി. മെദ്വദേവ് 19 ഉം വാവറിങ്ക 18 ഏസുകൾ കണ്ടത്തിയ മത്സരം അക്ഷരാർത്ഥത്തിൽ ഒരു ത്രില്ലർ തന്നെയായിരുന്നു. അതേസമയം 10 സീഡ് ഫ്രഞ്ച് താരം ഗെയിൽ മോൻഫിൽസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഓസ്ട്രിയൻ താരവും അഞ്ചാം സീഡുമായ ഡൊമനിക് തീമും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ടൂർണമെന്റിലെ തന്നെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്ത് എടുത്ത തീമിനു മുന്നിൽ ഒരു ഘട്ടത്തിലും പിടിച്ചു നിൽക്കാൻ മോൻഫിൽസിനു ആയില്ല. 6-2, 6-4, 6-4 എന്ന സ്കോറിന് ആയിരുന്നു തീമിന്റെ ജയം. തന്റെ ആദ്യ ഗ്രാന്റ് സ്ലാം ലക്ഷ്യമിടുന്ന തീമിനു ഈ വിജയം വലിയ ആത്മവിശ്വാസം പകരും എന്നുറപ്പാണ്.