174 റണ്‍സ് നേടി ആബിദ് അലി, പാക്കിസ്ഥാന് 315 റണ്‍സ് ലീഡ്

Sports Correspondent

ആബിദ് അലിയുടെയും ഷാന്‍ മക്സൂദിന്റെയും പടുകൂറ്റന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം ലഹിരു കുമര ഇരുവരെയും പുറത്താക്കിയെങ്കിലും പാക്കിസ്ഥാന് കറാച്ചി ടെസ്റ്റില്‍ കൂറ്റന്‍ സ്കോറും ലീഡും. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 395/2 എന്ന നിലയിലാണ് നില്‍ക്കുന്നത്. മത്സരത്തില്‍ 315 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

278 റണ്‍സാണ് ഷാന്‍ മക്സൂദും ആബിദ് അലിയും ചേര്‍ന്ന് നേടിയത്. 135 റണ്‍സ് നേടിയ ഷാന്‍ മക്സൂദിനെയാണ് ടീമിന് ആദ്യം നഷ്ടമായത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയ്ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 77 റണ്‍സ് കൂടി നേടിയ ശേഷമാണ് ആബിദ് അലി പുറത്തായത്. 174 റണ്‍സാണ് താരം നേടിയത്.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 57 റണ്‍സുമായി അസ്ഹര്‍ അലിയും 22 റണ്‍സ് നേടി ബാബര്‍ അസവുമാണ് ക്രീസില്‍ നില്‍ക്കുന്നത്.