സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ഫൈനൽ ഉറപ്പിച്ച് കർണാടകയും തമിഴ്നാടും. ഹരിയാനക്കെതിരെ എട്ട് വിക്കറ്റ് ജയം നേടിയാണ് കർണാടക ഫൈനൽ ഉറപ്പിച്ചത്. രാജസ്ഥാനെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് തമിഴ്നാട് ഫൈനലിൽ എത്തിയത്. നേരത്തെ വിജയ് ഹസാരെ ട്രോഫിയിലും തമിഴ്നാടും കർണാടകയും തന്നെയായിരുന്നു ഫൈനലിൽ. അന്ന് കർണാടകയാണ് വിജയിച്ചത്.
കർണാടകക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഹരിയാന 8 വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് നേടിയത്. 55 റൺസ് എടുത്ത ബിഷ്ണോയിയും 61 റൺസ് എടുത്ത റാണയുമാണ് ഹരിയാനക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. എന്നാൽ കൂറ്റൻ ലക്ഷ്യം കർണാടക 15 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. 31 പന്തിൽ 66 റൺസ് എടുത്ത കെ.എൽ രാഹുലും 42 പന്തിൽ 87 റൺസ് എടുത്ത ദേവ്ദത്ത് പടിക്കലും ചേർന്ന് കർണാടകക്ക് ജയം നേടി കൊടുക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 112 റൺസ് എന്ന ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ തമിഴ്നാട് മറികടക്കുകയായിരുന്നു. 54 റൺസ് എടുത്ത വാഷിംഗ്ടൺ സുന്ദറിന്റെയും 31 റൺസ് എടുത്ത അശ്വിനിന്റെയും പ്രകടനമാണ് തമിഴ്നാടിന് തുണയായത്.