ചിലിയും പെറുവും തമ്മിൽ ഈ ആഴ്ച നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരം ഉപേക്ഷിച്ചു. ചിലി താരങ്ങൾ മത്സരം കളിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിനാലാണ് മത്സരം നടക്കാത്തത്. ചിലിയിൽ ഭരണകൂടത്തിനെതിരെ നടക്കുന്ന വലിയ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് താരങ്ങൾ മത്സരത്തിനിറങ്ങേണ്ട എന്ന് തീരുമാനിച്ചത്. അവസാന ആഴ്ചകളായി ചിലിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇരുപതോളം പേർ മരിക്കുകയും 2000തിനു മുകളിൽ ആൾക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ചിലിയിൽ ഫുട്ബോളിനെക്കാൾ വലിയ കാര്യങ്ങളാണ് നടക്കുന്നത് എന്നും ആ പ്രശ്നങ്ങൾ കഴിഞ്ഞു മാത്രം ഫുട്ബോളിനെ കുറിച്ച് ചിന്തിക്കാം എന്നുമാണ് ടീമംഗങ്ങൾ പറയുന്നത്. മത്സരം നടക്കാത്തതിനാൽ ടീമിലെ താരങ്ങളെ മുഴുവൻ അവരവരുടെ ക്ലബുകളിലേക്ക് തിരിച്ച് അയക്കുകയാണെന്ന് ചിലിയൻ ഫുട്ബോൾ അസോസിയേഷൻ പറഞ്ഞു.