ചരിത്രം പിറക്കുന്ന ഡേ നൈറ്റ് ടെസ്റ്റിനായി ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ആ മത്സരത്തില്‍ വിജയവും ഉറപ്പാക്കുവാന്‍ നിര്‍ദ്ദേശവുമായി ബിസിസിഐ. ടെസ്റ്റില്‍ ഉപയോഗിക്കുന്ന എസ്ജി പന്തുകളുടെ നിര്‍മ്മാതാക്കളോട് 72 പിങ്ക് പന്തുകളാണ് ഈഡന് ഗാര്‍ഡനില്‍ നവംബര്‍ 22ന് ആരംഭിക്കുന്ന ടെസ്റ്റിന് വേണ്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ പന്തുകള്‍ ഇന്ത്യയില്‍ പൊതുവേ ഉപയോഗിക്കുന്ന റെഡ് ബോളുകള്‍ പോലുള്ളവയാകാണം എന്നാണ് ബിസിസിഐയുടെ നിര്‍ദ്ദേശം.
ഇന്ത്യയില്‍ ചിര പരിചിതമായ റെഡ് ബോളുകള്‍ എങ്ങനെ പെരുമാറുന്നുവോ അത്തരത്തിലുള്ള പന്തുകളാണ് ടീം മാനേജ്മെന്റും ആവശ്യപ്പെട്ടിരിക്കുന്നത്. താരങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും തേടിക്കഴിഞ്ഞുവെന്നാണ് എസ്ജിയുടെ വക്താക്കളും പറയുന്നത്. ബിസിസിഐയ്ക്ക് ഈ പന്തുകള്‍ അടുത്താഴ്ച തന്നെ നല്‍കുമെന്നും അതിനാല്‍ തന്നെ ഇന്ത്യന്‍ ടീമിലെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ക്കും ബാറ്റ്സ്മാന് ചേതേശ്വര്‍ പുജാരയ്ക്കും പന്തുമായി ഇഴുകിചേരുവാന്‍ ആവശ്യത്തിന് സമയം കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2016ല്‍ ഇന്ത്യ ദുലീപ് ട്രോഫിയില്‍ പിങ്ക് പന്തുകള്‍ ഉപയോഗിച്ചുവെങ്കിലും അന്നത്തെ പരീക്ഷണം പരാജയമായിരുന്നു.