പാരീസിൽ ക്വാർട്ടറിലേക്ക് മുന്നേറി നദാൽ, സെവർവ്വ് പുറത്ത്

എ. ടി. പി 1000 പാരീസ് മാസ്റ്റേഴ്സിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡ് റാഫേൽ നദാൽ. 16 സീഡ് സ്റ്റാൻ വാവറിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ്‌ നദാൽ ക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ സെറ്റിൽ വാവറിങ്കയുടെ രണ്ടാം സർവീസ് തന്നെ ഭേദിച്ച് 6-4 നു ആദ്യ സെറ്റ് നേടിയ നദാൽ രണ്ടാം സെറ്റിൽ വാവറിങ്കയുടെ നാലാം സർവീസ് ഭേദിച്ച് സമാനമായ സ്കോറിന് സെറ്റും മത്സരവും സ്വന്തമാക്കി. മത്സരത്തിൽ തന്റെ മികവിലേക്ക്‌ ഉയരാൻ വാവറിങ്കക്ക് ആയില്ല. പലപ്പോഴും മികച്ച ഷോട്ടുകളുമായി കളം വാണ നദാൽ ഏതാണ്ട് ഒന്നര മണിക്കൂറിനുള്ളിൽ മത്സരം സ്വന്തമാക്കി.

ലേനാർഡ് സ്ട്രഫിനെ 3 സെറ്റ് പോരാട്ടത്തിൽ മറികടന്ന മുൻ ജേതാവ് കൂടിയായ ഫ്രഞ്ച് താരം ജോ വിൽഫ്രെയിഡ് സോങയാണ് നദാലിന്റെ ക്വാർട്ടറിലെ എതിരാളി. ആദ്യ സെറ്റ് 6-2 നു കൈവിട്ട ശേഷം രണ്ടാം സെറ്റ് 6-4 നേടിയ സോങ മൂന്നാം സെറ്റിലെ ടൈബ്രേക്കറിലൂടെ മത്സരം തന്റേതാക്കി. അതേസമയം ആറാം സീഡ് അലക്‌സാണ്ടർ സെവർവ്വിനെ അട്ടിമറിച്ച കനേഡിയൻ താരം ഡെനിസ് ശപോവലോവും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. സെവർവിനെതിരെ തന്റെ ആദ്യ ജയം കുറിച്ച കനേഡിയൻ താരം 3 സെറ്റ് നീണ്ട ആവേശപോരാട്ടത്തിൽ ആണ് ജയം കണ്ടത്. സ്‌കോർ : 6-2, 5-7, 6-2.