ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കക്ക് കൂറ്റൻ തോൽവി

Staff Reporter

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ശ്രീലങ്കക്ക് കൂറ്റൻ തോൽവി. 134 റൺസിനാണ് ഓസ്ട്രേലിയ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 99 റൺസാണ് എടുത്തത്.

ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയ തുടക്കം മുതൽ ശ്രീലങ്കൻ ബൗളർമാരെ കണക്കിന് ശിക്ഷിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. 36 പന്തിൽ 64 റൺസ് എടുത്ത് ഫിഞ്ചും പുറത്താവാതെ 56 പന്തിൽ 100 റൺസ് എടുത്ത വാർണറും ചേർന്ന് മികച്ച തുടക്കമാണ് ഓസ്‌ട്രേലിയക്ക് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ ഓസ്‌ട്രേലിയക്ക് വേണ്ടി 122 റൺസാണ് കൂട്ടിച്ചേർത്തത്.

ഫിഞ്ച് പുറത്തായതിന് പിന്നാലെ വന്ന മാക്‌സ്‌വെല്ലും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഓസ്‌ട്രേലിയൻ സ്കോർ 200 കടക്കുകയായിരുന്നു. മാക്‌സ്‌വെൽ 28 പന്തിൽ 62 റൺസ് എടുത്ത് പുറത്തായി.

തുടർന്ന് കൂറ്റൻ ലക്‌ഷ്യം മുൻപിൽ കണ്ട് ബാറ്റ് ചെയ്ത ശ്രീലങ്കക്ക് ഓസ്‌ട്രേലിയൻ ബൗളർമാർക്ക് കാര്യമായ വെല്ലുവിളി സൃഷ്ടിക്കാനായില്ല. ശ്രീലങ്കൻ നിരയിൽ ഒരു ബാറ്റസ്മാന് പോലും 20 റൺസ് തികക്കാനായിരുന്നില്ല. ഓസ്‌ട്രേലിയക്ക് വേണ്ടി സാമ്പ 3 വിക്കറ്റും കമ്മിൻസും സ്റ്റാർക്കും 2 വിക്കറ്റ് വീതവും വീഴ്ത്തി.