ഹൈദരാബാദിനെ ഗോൾ മഴയിൽ മുക്കി എടികെ

Jyotish

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി എടികെ. എതിരില്ലാത്ത 5 ഗോളുകൾക്കാണ് എടികെ ഐഎസ്എൽ അരങ്ങേറ്റം കുറിച്ച ഹൈദരാബാദ് എഫ്സിയെ തകർത്തത്. ആദ്യ മത്സരത്തിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനോടേറ്റ പരാജയത്തിന്റെ കണക്ക് തീർക്കുന്ന പോലെയായിരുന്നു എടികെയുടെ പ്രകടനം. ഐഎസ്എല്ലിലെ ആദ്യ മത്സരം വമ്പൻ തോല്വിയോടെ തുടങ്ങാനാണ് ഹൈദരാബാദിന്റെ വിധി.

എടികെക്ക് വേണ്ടി ഡേവിഡ് വില്ല്യംസ്, എഡു ഗാർസിയ എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ എ- ലീഗിൽ നിന്നും ഐഎസ്എല്ലിൽ എത്തിയ റോയ് കൃഷ്ണയും ഗോളടിച്ചു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളുടെ ലീഡ് നേടാൻ എടികെക്ക് കഴിഞ്ഞിരുന്നു. കളിയിൽ ഉടനീളം എടികെയുടെ ആധിപത്യം പ്രകടമായിരുന്നു. 25 ആം മിനുട്ടിൽ ഡേവിഡ് വില്ല്യംസിലൂടെയാണ് എടികെ തുടങ്ങിയത്. പിന്നീട് റോയ് കൃഷണ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കും മുൻപ് വില്ല്യംസ് രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ഇരട്ട ഗോളുകളുമായി പകരക്കാരൻ എഡു ഗാർസിയയും അവതരിച്ചു.