ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മ മറികടന്ന് പുതിയ റെക്കോർഡുകൾ. മത്സരത്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മ ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചിരുന്നു. ആദ്യ ദിവസം വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിർത്തുമ്പോൾ 117 റൺസുമായി രോഹിത് ശർമ്മ പുറത്താവാതെ നിൽക്കുകയാണ്.
ഇന്നിങ്സിൽ 4 സിക്സുകൾ സ്വന്തമാക്കിയ രോഹിത് ശർമ്മ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമായി മാറി. ഈ സീരീസിൽ രോഹിത് ശർമ്മ മൊത്തം 16 സിക്സുകളാണ് നേടിയത്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ 15 സിക്സുകൾ നേടിയ വെസ്റ്റിൻഡീസ് താരം ഷിംറോൺ ഹേറ്റ്മേയറുടെ റെക്കോർഡാണ് രോഹിത് ശർമ്മ മറികടന്നത്.
ഇത് കൂടാതെ ഒരു പരമ്പരയിൽ ഓപ്പണറായി മൂന്ന് സെഞ്ചുറികൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമാവാനും രോഹിത് ശർമ്മക്കായി. ഡെയ്ൻ പിഡിറ്റിന്റെ പന്തിൽ സിക്സ് അടിച്ചുകൊണ്ടാണ് രോഹിത് സെഞ്ചുറി നേടിയത്. ഇതിന് മുൻപ് സുനിൽ ഗാവസ്കറാണ് ഓപ്പണറായി ഇറങ്ങി ഒരു പരമ്പരയിൽ മൂന്ന് സെഞ്ചുറികൾ നേടിയ മറ്റൊരു ഇന്ത്യൻ താരം. സുനിൽ ഗാവസ്കർ മൂന്ന് തവണ ഓപ്പണറായി ഇറങ്ങി ഒരു പരമ്പരയിൽ മൂന്ന് സെഞ്ചുറികൾ സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ ആദ്യ രണ്ട് ഇന്നിങ്സിലും രോഹിത് ശർമ്മ സെഞ്ചുറി സ്വന്തമാക്കിയിരുന്നു.