ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി മുൻപിൽ കണ്ട് ദക്ഷിണാഫ്രിക്ക. തുടർച്ചയായ ഓവറുകളിൽ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ചായക്ക് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിലാണ്. ഇന്ന് രാവിലെ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിച്ച ഇന്ത്യ രണ്ടാമത്തെ പന്തിൽ തന്നെ വിക്കറ്റ് എടുത്ത് മത്സരത്തിൽ മേധാവിത്വം ഉറപ്പിച്ചിരുന്നു. റൺസ് ഒന്നും എടുക്കാതെ മാർക്രത്തെ ഇഷാന്ത് ശർമ്മ പുറത്താക്കുകയായിരുന്നു. തുടർന്ന് ഡി ബ്രൂയ്നെയുടെ വിക്കറ്റ് ഉമേഷ് യാദവും നേടിയതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലാവുകയായിരുന്നു.
എൽഗറും ഡു പ്ലെസിയും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി അശ്വിൻ മത്സരം പൂർണമായും ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത്. എൽഗർ 48 റൺസ് എടുത്തും ഡു പ്ലെസി 5 റൺസ് എടുത്തുമാണ് പുറത്തായത്. നിലവിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയേക്കാൾ 252 പിറകിലാണ്. ഒന്നര ദിവസത്തിലധികം മത്സരം ബാക്കി നിൽക്കെ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ദക്ഷിണാഫിക്കക്ക് മത്സരം സമനിലയിൽ എങ്കിലും എത്തിക്കാനാവു.