ഗോവയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച കേരളത്തിന് കൂറ്റന്‍ സ്കോര്‍. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിനൊപ്പം സച്ചിന് ബേബിയും ശക്തമായ പിന്തുണ നല്കിയപ്പോള് കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്. ക്യാപ്റ്റന്‍ റോബിന് ഉത്തപ്പയെ ഫീല്‍ഡിംഗിന് തടസ്സം സൃഷ്ടിച്ചതിന് പുറത്താക്കിയപ്പോള്‍ വിഷ്ണു വിനോദിനെയും നഷ്ടപ്പെട്ട് കേരളം 31/2 എന്ന നിലയില്‍ പ്രതിരോധത്തിലായ ശേഷമാണ് സഞ്ജു-സച്ചിന് കൂട്ടുകെട്ട് ടീമിനെ കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ 338 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
സഞ്ജു 129 പന്തില്‍ നിന്ന് പുറത്താകാതെ 212 റണ്‍സ് നേടിയപ്പോള്‍ സച്ചിന് ബേബി 127 റണ്‍സാണ് നേടിയത്. 135 പന്തില്‍ നിന്ന് 127 റണ്‍സ് നേടിയ സച്ചിന് ബേബി അവസാന ഓവറില്‍ പുറത്തായപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്. സഞ്ജു 21 ഫോറും 10 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.













