ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും വലിയ ആശങ്ക നൽകുന്ന വാർത്തയാണ് വരുന്നത്. ഇന്ത്യൻ ടീമിന്റെ നെടും തൂണായ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ആങ്കിൾ ഇഞ്ച്വറിയേറ്റ ജിങ്കൻ ഇനി ആറു മാസത്തോളമെങ്കിലും കളത്തിന് പുറത്തായിരിക്കും എന്നാണ് വാർത്തകൾ വരുന്നത്.
ഇന്നലെ നോർത്ത് ഈസ്റ്റിനെതിരെ ഇന്ത്യയുടെ ടീം സൗഹൃദ മത്സരം കളിക്കുന്നതിനിടയിലാണ് ജിങ്കന് പരിക്കേറ്റത്. താരത്തിന്റെ കരിയറിലെ ഏറ്റവും മാരകമായ പരിക്കാകും ഇത്. ഈ വരുന്ന ആഴ്ച ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെ നേരിടുമ്പോൾ ഇന്ത്യൻ ടീമിൽ ജിങ്കൻ ഉണ്ടാകില്ല. അനസിന്റെ പരിക്ക് കാരണം ജിങ്കനും ആദിൽ ഖാനും ആയിരുന്നു ഇന്ത്യൻ ഡിഫൻസിൽ കളിച്ചിരുന്നത്. ജിങ്കൻ കൂടെ പോയതോടെ ഒരു സെന്റർ ബാക്ക് ഇല്ലാത്ത അവസ്ഥയിലാകും ഇന്ത്യ.
ഐ എസ് എല്ലിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനും ജിങ്കന്റെ അഭാവം വലിയ തിരിച്ചടിയാകും. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ജിങ്കൻ എന്ന് തിരികെ വരും എന്ന് വ്യക്തമാവുകയുള്ളൂ.