കായികരംഗത്ത് ഇറങ്ങുന്ന ഓരോ സ്ത്രീയും വ്യക്തി ജീവിതത്തിൽ നൽകുന്ന ത്യാഗം എന്നും വളരെ വലുതാണ്. കുടുംബജീവിതത്തിൽ ആകട്ടെ അവർ പലപ്പോഴും പലതും ത്യജിക്കേണ്ടി വരുന്നു. അമ്മയാകാൻ 36 വയസ്സ് വരെ കാത്തിരുന്ന സെറീന വില്യംസ്, 35 വയസ്സ് വരെ കാത്തിരുന്ന അഞ്ജു ബോബി ജോർജ് ഇങ്ങനെ പലരും നമുക്ക് മുന്നിൽ ഉണ്ട്. അതേപോലെ അമ്മയായ ശേഷം ഗ്രാന്റ് സ്ലാം കിരീടം ഉയർത്തി ചിരിച്ചു നിന്ന കിം ക്ലേസ്റ്റേഴ്സിനെ പോലെ ഗർഭിണിയായിരിക്കെ ജയം കണ്ട സെറീനയെ പോലെ അത്ഭുതങ്ങൾ രചിച്ച അമ്മമാരുടെ കഥ കൂടി എന്നും കായികരംഗത്തിന് പറയാൻ ഉണ്ട്. അത്തരമൊരു മഹത്തരമായ രാത്രിക്ക് ആണ് ഇന്നലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ദോഹ വേദിയായത്.
20 കിലോമീറ്റർ നടത്തിൽ സ്വർണം നേടിയ ചൈനീസ് താരം ലി ഹോങ് ആണ് ആദ്യം ദോഹയിൽ ഇന്നലെ സ്വർണം അണിഞ്ഞ അമ്മ. 2017,2018 ൽ അമ്മയായ ശേഷം കളത്തിൽ നിന്നു പൂർണമായും വിട്ടു നിന്ന ചൈനീസ് താരം പക്ഷെ ലോക ചാമ്പ്യൻഷിപ്പിൽ തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയപ്പോൾ തടയാൻ സഹതാരങ്ങൾക്ക് പോലും ആയില്ല. പിന്നത്തെ ഊഴം ലോക അത്ലറ്റിക്സിലെ തന്നെ ഏറ്റവും മഹത്തായ താരം ആയ അമേരിക്കയുടെ ആലിസൺ ഫെലിക്സിന്റേത് ആയിരുന്നു. മിക്സിഡ് റിലേയിൽ ലോക റെക്കോർഡ് പ്രകടനവും ആയി സ്വർണം നേടിയ ഫെലിക്സ് തകർത്തത് സാക്ഷാൽ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ്. ഇനിയങ്ങോട്ട് ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ പുരുഷ/വനിത താരം എന്നത് ഫെലിക്സ് മാത്രം. തീർന്നില്ല അമ്മയായി വെറും 10 മാസത്തിനുള്ളിൽ ആണ് ഇതിഹാസതാരത്തിന്റെ സ്വപ്നപ്രകടനം എന്നറിയുക.
5 ലോകചാമ്പ്യൻഷിപ്പിൽ ആയി 12 സ്വർണം നേടിയ ഫെലിക്സ് വനിത മുന്നേറ്റ പോരാട്ടങ്ങളിലും മുന്നിലുള്ള താരമാണ്. ഗർഭിണിയായ കായികതാരങ്ങൾക്ക് പണം നൽകാത്ത നൈക്ക് അടക്കമുള്ള സ്പോൺസർമാർക്കെതിരായ പോരാട്ടത്തിന്റെ മുൻപന്തിയിൽ എന്നും ഫെലിക്സ് ഉണ്ടായിരുന്നു. അതിനാൽ തന്നെ അമ്മയായ ശേഷമുള്ള സ്വപ്നനേട്ടം ഫെലിക്സിന് ഇരട്ടിമധുരം ആയി. മൂന്നാമത് കണ്ടത് മറ്റൊരു ഇതിഹാസതാരത്തിന്റെ സുവർണ നേട്ടം ആയിരുന്നു. വനിത അത്ലറ്റിക്സിലെ വേഗതയുടെ പര്യായം ആയ ജമൈക്കയുടെ സാക്ഷാൽ ഷെല്ലി ഫ്രെയ്സർ പ്രൈസിന്റെ. 100 മീറ്ററിൽ ലോകചാമ്പ്യൻഷിപ്പിൽ തന്റെ നാലാം സ്വർണം കുറിച്ച ഷെല്ലി അമ്മയായത് തന്റെ വീര്യം കൂട്ടിയിട്ടേയുള്ളൂ എന്നു ലോകത്തോട് വിളിച്ചു പറഞ്ഞു. റേസിന് ശേഷം 33 കാരിയായ ഷെല്ലി തന്റെ 2 വയസ്സുകാരൻ മകനെ എടുത്ത് പിടിച്ച കാഴ്ച ഈ ലോകചാമ്പ്യൻഷിപ്പിലെ തന്നെ ഏറ്റവും മനോഹര നിമിഷമായി. ലോകത്ത് അങ്ങോളം ഇങ്ങോളം ഉള്ള ഏതൊരു കൊച്ചുകുട്ടിക്കും സ്ത്രീക്കും ഏറ്റവും വലിയ പ്രചോദനമായി കായികലോകം വാഴുകയാണ് ഈ അമ്മമാർ.