ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ പുരുഷൻ ആയി അമേരിക്കയുടെ യുവതാരം ക്രിസ്റ്റ്യൻ കോൾമാൻ. സ്വർണം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിച്ചിരുന്ന കോൾമാൻ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ആണ് ഫൈനലിൽ പുറത്തെടുത്തത്. കരിയറിലെ മികച്ച സമയം കുറിച്ച കോൾമാൻ 9.76 സെക്കന്റ്ക്കുള്ളിൽ 100 മീറ്റർ ഓടിയെത്തിയപ്പോൾ ദോഹയിൽ തിങ്ങി നിറഞ്ഞ ആരാധകർ ആവേശത്തിൽ ആയി. പലപ്പോഴും പരിക്ക് വലച്ച കോൾമാൻ തന്റെ മികവിന്റെ മുഴുവനും ഇന്ന് പുറത്ത് എടുത്തു.
അതേസമയം അമേരിക്കയുടെ തന്നെ ജസ്റ്റിൻ ഗാറ്റ്ലിൻ ആണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. തന്റെ 37 മത്തെ വയസ്സിലും വിട്ട് കൊടുക്കാൻ തയ്യാറാകാതെ പൊരുതിയ ഗാറ്റ്ലിൻ മികച്ച പോരാട്ടം തന്നെയാണ് പുറത്തെടുത്തത്. 9.80 സെക്കന്റിൽ കോൾമാനു പിറകിൽ എത്തിയ ഗാറ്റ്ലിൻ ലോകചാമ്പ്യൻഷിപ്പിൽ മറ്റൊരു മെഡൽ കൂടി സ്വന്തമാക്കി. 9.90 സെക്കന്റിൽ ഓടിയെത്തിയ കാനഡയുടെ ഡി ഗ്രാസ് ആണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. മുൻ ലോക ജേതാവ് ജമൈക്കയുടെ യൊഹാൻ ബ്ലൈക്ക് അഞ്ചാമത് ആയി ആണ് ഓട്ടം പൂർത്തിയാക്കിയത്.