തുടരയുള്ള മോശം പ്രകടനങ്ങളുടെ കടുത്ത സമ്മർദ്ദത്തിൽ ആണ് ടോട്ടനവും പരിശീലകൻ മൊറീസിയോ പോച്ചറ്റീനോയും. അതിനാൽ തന്നെ സൗത്താപ്റ്റനു എതിരെ ഇന്ന് ജയത്തിൽ കുറഞ്ഞ ഒന്നും ടോട്ടനം പ്രതീക്ഷിക്കുന്നില്ല. ലീഗിലും ലീഗ് കപ്പിലും കഴിഞ്ഞ രണ്ട് കളിയിലും തോൽവി വഴങ്ങിയ ടോട്ടനത്തിനു മത്സരം സ്വന്തം മൈതാനത്ത് ആയതിനാൽ കുറച്ച് കൂടി ആത്മവിശ്വാസം നൽകുന്നുണ്ട്. അതേസമയം സ്ഥിരതയില്ലായ്മയാണ് സൗത്താംപ്റ്റൻ നേരിടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ മത്സരത്തിൽ നാട്ടങ്കത്തിൽ ബോർൺമൗത്തിനോട് തോൽവി വഴങ്ങിയ അവരും സമ്മർദ്ദത്തിൽ തന്നെയാണ്.
പ്രതിരോധത്തിൽ ഒരു സ്ഥിരതയായ പ്രകടനം വരുന്നില്ല എന്നതിനാൽ തന്നെ ആര് ഇറങ്ങിയാലും പ്രതിരോധം മികച്ചത് ആക്കാൻ ആവും ടോട്ടനം ശ്രമം. കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെ ആദ്യം മുന്നിൽ നിന്ന ശേഷം ഗോൾ വഴങ്ങിയ ടോട്ടനത്തെ ആണ് കാണാൻ സാധിച്ചത്. മധ്യനിരയിൽ സിസോക്കോ, എന്റോബലെ തുടങ്ങിയവർ ആണ് ടോട്ടനത്തിന്റെ പ്രധാനകരുത്ത്. മുന്നേറ്റത്തിൽ എന്നും സൗത്താംപ്റ്റനു എതിരെ തിളങ്ങാറുള്ള ഹാരി കെയ്നൊപ്പം മികച്ച ഫോമിലുള്ള ലമേല, സോൻ എന്നിവരും ടോട്ടനത്തിനു കരുത്താകും. അതേസമയം എറിക്സൻ, മോറ തുടങ്ങിയ താരങ്ങളെയും വേണ്ട വിധം ഉപയോഗിക്കാൻ പോച്ചറ്റീനോക്ക് ആവും. കടലാസിൽ കരുത്തർ എങ്കിലും കളത്തിലെ പ്രകടനത്തിലൂടെ അത് കാണിക്കാൻ ടോട്ടനത്തിനു ആവുമോ എന്നത് തന്നെയാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി.
മറുപുറത്ത് തങ്ങളുടെ പഴയ മികവിലേക്ക് ഉയരാനുള്ള ശ്രമം ആണ് സൗത്താംപ്റ്റൻ നടത്തുന്നത്. എന്നാൽ സ്ഥിരതയില്ലായ്മയാണ് അവർ നേരിടുന്ന പ്രധാന പ്രശ്നം. തങ്ങളുടെ ദിനത്തിൽ ആരെയും തോൽപ്പിക്കാൻ ആവുന്ന ടീമിന് പക്ഷെ പലപ്പോഴും കാലിടറുന്നു. കഴിഞ്ഞ കളിയിൽ നേരിട്ട കനത്ത പരാജയം ഇതിനു ഉദാഹരണം ആണ്. യോഷിദ, വെസ്റ്റർഗാർഡ്, ബെർട്ട്രാന്റ് തുടങ്ങിയവരുടെ പ്രതിരോധത്തിലെ പ്രകടനം സൗത്താംപ്റ്റനു വളരെ നിർണായകമാവും. അതേസമയം മധ്യനിരയിൽ ഹോൾബർഗ്, റോമെയ് എന്നിവരും വളരെയധികം നിർണായകമാവും. മുന്നേറ്റത്തിൽ റെഡ്മണ്ട്, ഡാനി ഇങ്‌സ് തുടങ്ങിയവർക്ക് ടോട്ടനത്തെ സമ്മർദ്ദത്തിൽ ആക്കാൻ ആവുമോ എന്നു കണ്ടറിയണം. ഒരു പോയിന്റ് വ്യത്യാസം ആണ് ഇരു ടീമുകളും തമ്മിൽ എങ്കിലും ടോട്ടനം നിലവിൽ ഏഴാമതും സൗത്താംപ്റ്റൻ 13 മതും ആണ്.
ഇന്ന് വൈകീട്ട് 7.30 തിന് ടോട്ടനം ഹോട്‌സ്പർ മൈതാനത്ത് ആണ് ഈ മത്സരം നടക്കുക. ഈ സമയം തന്നെ നടക്കുന്ന മറ്റ് മത്സരങ്ങളിൽ ബോർൺമൗത്ത് വെസ്റ്റ് ഹാമിനെ നേരിടുമ്പോൾ ആസ്റ്റൻ വില്ല ബേർൺലിയെയും ക്രിസ്റ്റൽ പാലസ് നോർവിച്ചിനെയും വോൾവ്സ് വാട്ട്ഫോഡിനെയും നേരിടും. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച വെസ്റ്റ് ഹാമും മികച്ച ഫോമിലുള്ള ബോർൺമൗത്തും തമ്മിൽ മികച്ച മത്സരം ആവും നടക്കുക. അതേസമയം സ്വന്തം മൈതാനത്ത് ജയം കണ്ട് മികവിലേക്ക് ഉയരാൻ ആവും വില്ലയുടെ ശ്രമം. എന്നാൽ ലീഗിൽ മികച്ച തുടക്കം ലഭിച്ച ബേർൺലിക്ക് എതിരെ അത് അത്ര എളുപ്പം ആവില്ല. അതേസമയം കഴിഞ്ഞ മത്സരത്തിൽ ഏറ്റ തോൽവിയിൽ നിന്നു കരകയറാൻ ആവും നോർവിച്ച് പാലസിനെതിരെ ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിൽ എന്നാൽ അവസാനനിമിഷം കൈവിട്ട ജയം പാലസിന്റെ മനസ്സിൽ ഉണ്ടാവും. വോൾവ്സ് വാട്ട്ഫോർഡ് മത്സരം ലീഗിലെ അവസാനക്കാർ തമ്മിലുള്ള പോരാട്ടം ആയതിനാൽ ഇരു ടീമുകളും ജയം മാത്രം ആവും ലക്ഷ്യം വക്കുക. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് കനത്ത തോൽവി വഴങ്ങിയ വാട്ട്ഫോർഡ് വോൾവ്സിനെതിരെ ഒരു തിരിച്ചു വരവ് ആവും ലക്ഷ്യമിടുക. എന്നാൽ ഇത് വരെ ലീഗിൽ ജയിക്കാൻ ആവാത്ത വോൾവ്സ് എന്ത് വില കൊടുത്തും ജയിക്കാൻ ആവും ഇന്ന് ബൂട്ട് കെട്ടുക.