കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരങ്ങൾക്കും പരിശീലകർക്കും ഉള്ള ഫിഫ ബെസ്റ്റ് പുരസ്കാരം ഇന്ന് പ്രഖ്യാപിക്കു. ഫിഫ ബെസ്റ്റ് സ്വന്തമാക്കാനുള്ള മൂന്ന് പുരുഷ താരങ്ങൾ ബാഴ്സലോണ താരം ലയണൽ മെസ്സി, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിവർപൂൾ താരം വാൻ ഡൈക് എന്നിവരാണ്. ഇവരിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് വാൻ ഡൈകിനാണ്. നേരത്തെ യുവേഫ നൽകിയ മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സിയെയും റൊണാൾഡോയെയും മറികടന്ന് വാനൻ ഡൈക് സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ സീസണിലെ യൂറോപ്യൻ ടോപ്പ് സ്കോറർ ആയിരുന്നു മെസ്സിയും പ്രതീക്ഷയിലാണ്. ബാഴ്സലോണക്ക് ഒപ്പം ലാലിഗ കിരീടവും കഴിഞ്ഞ സീസണ മെസ്സി നേടിയിരുന്നു. യുവന്റസിന്റെ ടോപ് സ്കോറർ ആയിരുന്ന റൊണാൾഡോ ഇറ്റാലിയൻ ലീഗ് കിരീടവും ഒപ്പം പോർച്ചുഗലിനൊപ്പം നാഷൺസ് ലീഗ് കിരീടവും നേടിയിരുന്നു. എങ്കിലും റൊണാൾഡോയ്ക്ക് വിദൂര സാധ്യത മാത്രമെ ഫുട്ബോൾ നിരീക്ഷകർ നൽകുന്നുള്ളൂ.
മികച്ച വനിതാ താരമാവാൻ അമേരിക്കയുടെ റപിനോ, അലക്സ് മോർഗൻ, ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസ് എന്നിവരാണ് ഉള്ളത്. ഇതിൽ റപിനോയ്ക്കാണ് സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. മികച്ച പുരുഷ പരിശീലകനാവാൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള, ലിവർപൂൾ പരിശീലകൻ ക്ലോപ്പ്, ടോട്ടൻഹാം പരിശീലകൻ പോചടീനോ എന്നിവരാണ് ഉള്ളത്.